ഷിക്കാഗോ: നാല്‍പ്പത്തിയൊന്ന് നാള്‍ നീണ്ടുനിന്ന ഷിക്കാഗോ  ഗീതാമണ്ഡലം മണ്ഡലകാല പൂജകള്‍ സമാപിച്ചു. ഗീതാമണ്ഡലം തറവാട്ട് ക്ഷേത്രത്തില്‍ ശബരിഗിരീശന്  ആറാട്ട് മഹോത്സവവും, ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യം നല്കി മണ്ഡലമഹോത്സവ പൂജയും നടത്തി. 

ശ്രീമഹാഗണപതിക്ക് വിശേഷാല്‍ പൂജ നടത്തിക്കൊണ്ടാണ്  ഈ വര്‍ഷത്തെ മണ്ഡലപൂജകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അയ്യപ്പസ്വാമിക്ക് ശാസ്ത്രസൂക്തം ഉരുക്കഴിച്ച് ബിംബശുദ്ധി വരുത്തി, പുരുഷസൂക്തത്തിനാലും ശ്രീ രുദ്രത്തിനാലും, കലശപൂജ ചെയ്ത ശേഷം നൈവേദ്യം സമര്‍പ്പിച്ച് നടയടച്ചു. പ്രധാന പുരോഹിതന്‍ ബ്രഹ്മശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികള്‍ ഉത്സവമൂര്‍ത്തിക്ക് വിശേഷാല്‍ പൂജ നടത്തി. 

GEETHAMANDALAM

തുടര്‍ന്ന് സഹകാര്‍മ്മി ബിജു കൃഷ്ണന്‍ ഉത്സവമൂര്‍ത്തിയെ ഏറ്റുവാങ്ങി  പ്രത്യേകം സജ്ജീകരിച്ച തിരുവാറാട്ട് മണ്ഡപത്തിലേക്ക്  താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ എത്തിച്ചു. അതിനുശേഷം പ്രധാന പുരോഹിതന്‍ ലക്ഷ്മിനാരായണ ശാസ്ത്രി ആറാട്ട് പൂജകള്‍ നടത്തിയശേഷം തിരിച്ചു തറവാട്ട്  ക്ഷേത്രത്തില്‍ എത്തിയ അയ്യപ്പ സ്വാമിയെ ശരണ ഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ ഗീതാമണ്ഡലം അധ്യക്ഷന്‍ ജയചന്ദ്രനും, ശേഖരന്‍ അയ്യപ്പനും കൂടി സ്വീകരിച്ചു.

തുടര്‍ന്ന് 'യജ്ഞായ യജ്ഞാവോ അഗ്നയെ' എന്ന ഹരിഹരസൂക്തത്തോടെ ആരംഭിച്ച മണ്ഡലപൂജയില്‍ ഹരിഹരപുത്രന്റെ ഇഷ്ടാഭിഷേകങ്ങളായ പാല്, നെയ്യ്, കളഭം, ഭസ്മം, പുഷ്പം എന്നിവക്ക് പുറമെ തേന്‍, പനിനീര്‍ എന്നിവകൊണ്ടും അഭിഷേകം നടത്തി. തുടര്‍ന്ന നടന്ന നിവേദ്യ സമര്‍പ്പണത്തിനു ശേഷം പടിപൂജയും, അഷ്ടോത്തര അര്‍ച്ചനയും, മന്ത്രപുഷ്പാഭിഷേകവും, നമസ്‌കാരമന്ത്രവും, സാമവേദ പാരായണവും നടത്തി. തുടര്‍ന്ന് ഹരിവരാസനം പാടി രണ്ടായിരത്തി പതിനേഴിലെ മണ്ഡല പൂജക്ക് സമാപനം കുറിച്ചു.

ഈ വര്‍ഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകള്‍ക്ക് രശ്മി ബൈജുവും അനുപ് രവീന്ദ്രനും നേതൃത്വം നല്കി. ശേഖരന്‍ അപ്പുക്കുട്ടനും കുടംബാംഗങ്ങളും, രവി നായരും കുടംബാംഗങ്ങളും, അനൂപ് രവീന്ദ്രനും കുടംബാംഗങ്ങളും ആണ് പൂജ സമര്‍പ്പിച്ചത്. തുടര്‍ന്ന് ശേഖരന്‍ അപ്പുക്കുട്ടന്‍  ഗീതമണ്ഡലത്തിന്റെ 2019 ലെ കലണ്ടര്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്ക് നല്കി പ്രകാശനം ചെയ്തു, തദവസരത്തില്‍ വടക്കേ അമേരിക്കയിലെ തന്നെ ഹൈന്ദവ സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹൈന്ദവ സംഘടനക്കായി വിഘ്‌നേഷ് ശങ്കരനാരായണന്‍ ഡെവലപ് ചെയ്ത അപ്ലിക്കേഷന്‍ 'ഗീതാമണ്ഡലം ആപ്പ്' ഗീതാ മണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോന്‍ ഗീതാമണ്ഡലം അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഈ അവസരത്തില്‍ പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്കും, സഹകാര്‍മികത്വം വഹിച്ച ബിജു കൃഷ്ണനും, മണ്ഡല പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, ഈ വര്‍ഷത്തെ മണ്ഡല പൂജ ഒരു വലിയ ഉത്സവമായി മാറ്റുവാന്‍ സഹകരിച്ച എല്ലാ സംഘാടകര്‍ക്കും ഗീതാമണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോന്‍ നന്ദി അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം