ഡാലസ്: കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട സാജന്‍ മാത്യൂസിന്റെ പൊതുദര്‍ശനം ശോകനിര്‍ഭരമായി. ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ വന്‍ജനാവലി എത്തി. ഡാലസിലെ മലയാളി സമൂഹത്തെ കൂടാതെ പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ സാജന് കണ്ണീര്‍ പുഷ്പങ്ങളുമായി ആദരാഞ്ജലി അര്‍പ്പിച്ചു. 

കോഴഞ്ചേരി ചെറുകോല്‍ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടില്‍ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗവുമായ സാജന്‍ മാത്യുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. 

നവംബര്‍ 24 ബുധന്‍ (ഇന്ന്) രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മപ്പള്ളിയില്‍ (3760 14th St, Plano, Tx 75074) വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം പ്ലാനോയില്‍ ഉള്ള ടെഡ് ഡിക്കി ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (2128, 18th St, Plano, Tx 75074) സംസ്‌കരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

കുറ്റപ്പുഴ മോഴച്ചേരില്‍ പരേതനായ എം. സി വര്‍ഗീസിന്റെയും, അന്നമ്മ വര്‍ഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജന്‍, അലീന ആന്‍ സാജന്‍ എന്നിവര്‍ മക്കളും, മാവേലിക്കര കൊല്ലക്കടവ് ചിറയില്‍ അനീഷ് മരുമകനും ആണ്. 

സംസ്‌കാര ശുശ്രുഷകള്‍ www.provisiontv.in എന്ന വെബ്‌സൈറ്റിലൂടെ ദര്‍ശിക്കാവുന്നതാണ്. 

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം