വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ അന്തര്‍ സംസ്ഥാന വിമാനയാത്രക്കാര്‍ പൂര്‍ണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പില്‍ പറയുന്നു.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആവശ്യമില്ലെന്നും ഏപ്രില്‍ 2 ന് പുറത്തിറക്കിയ ഗൈഡ്‌ലൈന്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് അനുശാസിക്കുന്നുവെങ്കില്‍ അത് അനുസരിക്കുവാന്‍ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിമാനയാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യങ്ങള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സിഡിസി നിര്‍ദേശിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ വിമാനത്താവളങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. 

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റീന്‍ ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം, ഹാന്റ് സാനിറ്റൈസര്‍ എന്നിവയില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് സിഡിസി അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ ഒന്നാം ഘട്ട കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും രണ്ടാമതും വ്യാപിക്കുന്നതിനുള്ള സാധ്യതയും സിഡിസി തള്ളിക്കളഞ്ഞിട്ടില്ല.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍