ഷിക്കാഗോ: ഫോമാ ദേശീയ നിര്‍വാഹക സമിതിയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ  നേതൃത്വത്തില്‍ ഷിക്കാഗോ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു. കോവിഡ് കാലത്തെ യാത്രകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളും വിവരങ്ങളും ബോധ്യപ്പെടുത്താനും പ്രവാസികള്‍ക്ക് കോണ്‍സുലേറ്റ് നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായിരുന്നു സന്ദര്‍ശനം. 

കോണ്‍സുലര്‍ ജനറല്‍ അമിത് കുമാറുമായും കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ പി.കെ. മിശ്ര, എല്‍.പി. ഗുപ്ത എന്നിവരുമായി ഫോമാ ദേശീയ സമിതി ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, സെന്‍ട്രല്‍ റീജിയണ്‍  ആര്‍.വി.പി. ജോണ്‍ പാട്ടപതിയില്‍, ഫോമാ ദേശീയ കമ്മിറ്റി അംഗം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

ഷിക്കാഗോ കോണ്‍സുലേറ്റിന്റെ കീഴില്‍ വരുന്ന മലയാളികളുടെ എല്ലാ കാര്യങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിനും പൂര്‍ണപിന്തുണ ഉണ്ടാകുമെന്ന് അമിത് കുമാറും മറ്റു ഉദ്യോഗസ്ഥരും ഉറപ്പു നല്‍കി. കോവിഡ് കാലയളവില്‍ നാട്ടിലേക്ക് പോകുന്നവരുടെ യാത്ര ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഫോമാ നല്‍കിയ സഹായങ്ങളെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. പ്രവാസി മലയാളികള്‍ക്ക് ഫോമ നല്‍കുന്ന സേവനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഫോമയുടെ വരുംകാല പരിപാടികളില്‍ പങ്കെടുക്കുന്നതിന്  കോണ്‍സുലര്‍  ജനറല്‍ അമിത് കുമാറിനെ ജോണ്‍ പാട്ടപതിയില്‍ ക്ഷണിക്കുകയും പങ്കെടുക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഒ.സി.ഐ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും അത് സംബന്ധിച്ച മലയാളികളുടെ നിലപാടുകളും കോണ്‍സുലര്‍ ഹെഡ്ഡ് ആയ പ്രി.കെ മിശ്രയുമായും ഒ.സി.ഐ. വിഭാഗം തലവന്‍ എല്‍.പി.ഗുപ്തയുമായും  ഫോമാ ദേശീയ സമിതി അംഗം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു.

ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലര്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഫോമാ ദേശീയ വനിതാ സമിതി പ്രതിനിധി  ജൂബി വള്ളിക്കളം, ഫോമാ ദേശീയ യുവജന വിഭാഗം പ്രതിനിധി കാല്‍വിന്‍ കവലക്കല്‍, ഫോമാ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍  പീറ്റര്‍  കുളങ്ങര എന്നിവര്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.