ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ മാഗസീനായ 'അക്ഷകേരളത്തിന്റെ' പ്രകാശന കര്‍മ്മവും കേരള പിറവി ദിനാഘോഷവും ഒക്ടോബര്‍ 31 ന് ഈസ്റ്റേണ്‍ സമയം വൈകീട്ട് 9 മണിക്ക് (ഇന്‍ഡ്യന്‍ സമയം നവംബര്‍ 1 ന് രാവിലെ 6:30 ന്) നടത്തപ്പെടുന്നതായിരിക്കും.

കവി, ചിത്രകാരന്‍, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന കെ ജയകുമാര്‍ ഐഎഎസ് പ്രമുഖ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസ്സിക്ക് ഓണ്‍ലൈന്‍ കോപ്പി നല്‍കിക്കൊണ്ടായിരിക്കും അക്ഷരകേരളത്തിന്റെ പ്രകാശനകര്‍മ്മം ഔദ്യോഗികമായി നിര്‍വഹിക്കുക.

പ്രമുഖ മജീഷ്യനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് കേരള പിറവിദിന സന്ദേശം നല്കും. എഴുത്ത് മാസികയുടെ മാനേജിങ്ങ് എഡിറ്ററായ ഡോ.ബിനോയ് പിച്ചളക്കാട്ട് എസ്.ജെ. മുഖ്യഅതിഥിയായിരിക്കും. 

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സണ്ണി കല്ലൂപ്പാറ നന്ദി അറിയിക്കുകയും ചെയ്യും.

പ്രമുഖ ചലച്ചിത്ര നടനും എഴുത്തുകാരനുമായ തമ്പി ആന്റണി ചീഫ് എഡിറ്ററായ അക്ഷരകേരളത്തിന്റെ മാനേജിങ്ങ് എഡിറ്ററായി സൈജന്‍ കണിയോടിക്കലും, സണ്ണി കല്ലൂപ്പാറ, ബൈജു പകലോമറ്റം, ബാബു ദേവസ്സ്യ എന്നിവര്‍ കണ്ടന്റ് എഡിറ്റേഴ്‌സ് ആയും പ്രിയ ഉണ്ണികൃഷ്ണന്‍, സോയ നായര്‍, സജീവ് മാടമ്പത്ത് എന്നിവര്‍ ലിറ്റററി എഡിറ്റേഴ്‌സ് ആയും റോയ് മുളങ്കുന്നം, സൈമണ്‍ വാളാച്ചേരില്‍ എന്നിവര്‍ ന്യൂസ് എഡിറ്റേഴ്‌സ് ആയും പ്രവര്‍ത്തിക്കുന്നു. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.