2021 ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ ഫോമാ നടപ്പിലാക്കുന്ന ഇരുപതിന പരിപാടികളുടെയും, സഹായ പദ്ധതികളുടെയും തുടക്കം സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. അതിരംപുഴയില്‍ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഫോമ നിര്‍വ്വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ഫോമാ ദേശീയ സമിതി അംഗം ജോസ് മലയില്‍ എന്നിവരും പ്രാദേശിക ജന പ്രതിനിധികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. മന്ത്രി വാസവനില്‍ നിന്ന് ഫോമാ പ്രസിഡന്റ് പതാക ഏറ്റു വാങ്ങി.

അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക ധന സമാഹരണവും ഫോമാ ഗോ ഫണ്ട് വഴി ആരംഭിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ സമാഹരിച്ച് പ്രളയ ദുരിതാശ്വാസമായി എത്തിയ്ക്കാനാണ് ശ്രമം. പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും മറ്റു അത്യാവശ്യ സാമഗ്രികളും എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഫോമയുടെ കേരള പ്രോജക്ടുകള്‍ വിജയപ്രദമാക്കാനും, പ്രളയ ദുരിതാശ്വാസ ധന ശേഖരണത്തിലേക്ക് സംഭാവനകള്‍ നല്‍കുവാനും, ഫോമാ നിര്‍വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍