കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാന്‍ ഫോമാ ആരംഭിച്ച 'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ' പദ്ധതിക്ക് കരുത്ത് പകര്‍ന്ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു. മലയോര ജില്ലയായ ഇടുക്കിയിലേക്കാണ് വെന്റിലേറ്റര്‍ വാഗ്ദാനം ചെയ്തത്. ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജും, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണനും, ട്രഷറര്‍ തോമസ് ടി ഉമ്മനും ചേര്‍ന്ന് ഇടുക്കി ജില്ലാ ഭരണാധികാരികള്‍ക്ക് വെന്റിലേറ്റര്‍ നേരിട്ട് ഒക്ടോബറില്‍ കൈമാറും. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഇന്ത്യന്‍ വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്ന ജീവന്‍ രക്ഷാ ഉപകാരണങ്ങളാണ് വിവിധ ഘട്ടങ്ങളിലായി ഫോമാ 'ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ ' പദ്ധതിയുടെ ഭാഗമായി കയറ്റി അയച്ചിട്ടുള്ളത്. മറ്റു പ്രവാസി മലയാളി സംഘടനകളെക്കാളും, ഉപരിയായി കേരളത്തിന് താങ്ങും തണലുമായി നിരവധി കര്‍മ്മ പദ്ധതികളാണ് ഫോമാ കോവിഡ് കാലത്ത് നടപ്പിലാക്കിയതും നടപ്പിലാക്കികൊണ്ടിരിക്കുന്നതും.

കോവിഡിന്റെ കെടുതിയില്‍പ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ എല്ലാ അംഗസംഘടനകളോടൊപ്പം സാക്രമെന്റോയിലെ മലയാളികല്‍ നല്‍കിയ പിന്തുണക്ക് സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ്: രാജന്‍ ജോര്‍ജ്, അധ്യക്ഷ : രശ്മി നായര്‍, സെക്രട്ടറി: മൃദുല്‍ സദാനന്ദന്‍, ട്രഷറര്‍: സിറില്‍ ജോണ്‍ വൈസ് പ്രസിഡന്റ്: വില്‍സണ്‍ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി: ജോര്‍ജ് പുളിച്ചുമാക്കല്‍, എന്നിവരും എല്ലാ കമ്മറ്റി അംഗങ്ങളും കേരളത്തോട് ഐക്യദാര്‍ഢ്യം  കാണിക്കാന്‍ തയ്യാറായ എല്ലാവര്‍ക്കും സ്‌നേഹാദരങ്ങള്‍  നേര്‍ന്നു.

സര്‍ഗ്ഗത്തിനോടും ഭാരവാഹികളോടും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയ ഫോമാ എക്‌സിക്യൂട്ടീവ്‌സ് നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍