ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിദേശകാര്യ വകുപ്പ് മന്ത്രി മീനാക്ഷി ലേഖിക്ക് നല്‍കിയ വിരുന്നില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ഫോമയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. വിരുന്നില്‍ യു.എസ് കോണ്‍സുലര്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍, ഡെപ്യൂട്ടി കോണ്‍സുലാര്‍ ജനറല്‍ ഡോ.വരുണ്‍ ജെഫ്, കമ്മ്യൂണിറ്റി അഫയേഴ്സ് വിഭാഗം തലവന്‍ എ.കെ.വിജയകൃഷ്ണന്‍, കോണ്‍സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനാ നേതാക്കളും പങ്കെടുത്തു.

അമേരിക്കയിലെ പ്രവാസികള്‍ ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇന്ത്യയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കാനും തയ്യാറാകുന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നതാണെന്ന് മന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ഇന്ത്യ 75-ാം സ്വാന്ത്രന്ത്ര്യദിനം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഭാരതീയ പ്രവാസികളെയും, സംഘടനാ നേതാക്കാളെ കാണാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയായ വി.മുരളീധരനില്‍ നിന്ന് ഫോമാ കേരളത്തില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അമേരിക്കന്‍ മലയാളികളോട് അതിന് പ്രത്യേക നന്ദിയുണ്ടെന്നും സ്വകാര്യ സംഭാഷണത്തില്‍ മന്ത്രി ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജിനോട് പറഞ്ഞു.

കേരള ഹിന്ദു ന്യൂജേഴ്സിയുടെ പ്രസിഡന്റും കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ മുന്‍ പ്രസിഡന്റുമായ സഞ്ജീവ് നായര്‍, ലോക യോഗ കമ്മ്യൂണിറ്റിയുടെ സ്ഥാപകന്‍ ഗുരുജി ദിലീപ് കുമാര്‍, ഫൊക്കാനാ നേതാവ് ജോര്‍ജ്ജി വര്‍ഗ്ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.