'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ' പദ്ധതിയുടെ ഭാഗമായി, ഫോമയും, അംഗസംഘടനകളും കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തില്‍ പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കുന്നതിന്റെ ശ്രമങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ പത്ത് വെന്റിലേറ്ററുകളും, അഞ്ഞൂറ് പള്‍സ് ഓക്‌സി മീറ്ററുകളും അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക്  കയറ്റി അയച്ചു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ അംഗീകൃത ഷിപ്പര്‍ ഫോമയ്ക്ക്  ലഭിച്ചതിനാല്‍  അതിവേഗത്തില്‍ കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിച്ചേരും.

കേരളത്തില്‍ മറ്റു അനുബന്ധ ഉപകരണങ്ങളുടെ സഹായമില്ലാതെ, വൈദ്യുതി വ്യതിയാനമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന തകരാറുകളില്ലാതെ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണ്. ഇന്ത്യന്‍ വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന ജീവന്‍ രക്ഷാ ഉപകാരണങ്ങളാണ് ആദ്യ ഘട്ടവുമായി കയറ്റി അയച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും, അന്‍പത് ഓക്‌സിജന്‍ കോണ്‌സെന്‌ട്രേറ്ററുകളും, സര്‍ജിക്കല്‍ ഗ്ലൗവുസുകളും, ബ്ലാക്ള്‍ഫങ്‌സിനുള്ള  മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ രണ്ട് വെന്റിലേറ്ററുകള്‍, ഫോമാ സെന്‍ട്രല്‍ റീജിയന്‍, ബേ മലയാളി, മിനസോട്ട മലയാളി അസോസിയേഷന്‍, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, ദിലീപ് വര്ഗീസ്, ജോണ്‍ സി വര്ഗീസ്, ജോണ്‍ ടൈറ്റസ്, ഡോ ജോണ്‍ ആന്‍ഡ് ലിസ കൈലാത്ത് തുടങ്ങിയവര്‍ ഓരോ വെന്റിലേറ്ററുകളും സംഭാവനയായി നല്‍കി.

കൂടുതല്‍ സംഘടനകളും വ്യക്തികളും സഹായ മനസ്ഥിതിയുമായി മുന്നോട്ടു വരുന്നുണ്ട്, ജൂണ്‍ 30 വരെ സഹായങ്ങള്‍ സ്വീകരിക്കാനാണ് ഫോമായുടെ ഇപ്പോഴത്തെ തീരുമാനം.  

കേരളത്തെ രക്ഷിക്കാനുള്ള ഫോമയുടെ സന്നദ്ധ പ്രവര്‍ത്തങ്ങളോട് ഐക്യംദാര്‍ഢ്യം പ്രഖ്യാപിച്ചും സാമ്പത്തിക സഹായങ്ങള്‍ നല്‍കിും സഹകരിച്ച എല്ലാ അംഗസംഘടനകള്‍ക്കും വ്യക്തികള്‍ക്കും, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.