ലാഭരഹിത സംഘടനകള്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന അംഗീകൃത ഷിപ്പര്‍ എന്ന അംഗീകാരം ഫോമയ്ക്ക് ലഭിച്ചു. ആദ്യമായാണ് ഒരു മലയാളി സന്നദ്ധ സംഘടനക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഫോമയ്ക്ക് ഇനി ജീവന്‍ രക്ഷാ മരുന്നുകളും, ഉപകരണങ്ങളും തടസങ്ങളും കൂടാതെ അതിവേഗത്തില്‍ സാധാരണ എടുക്കുന്ന സമയത്തിന്റെ പകുതി സമയം കൊണ്ട് കയറ്റി അയക്കാന്‍ കഴിയും. ഫോമായുടെ ജീവകാരുണ്യ സേവനങ്ങളും, നാളിതുവരെ നടത്തിയിട്ടുള്ള ഫോമായുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ടി.എസ്.എ ഫോമക്ക് അംഗീകാരം നല്‍കിയത്. ഫോമയുടെ അംഗസംഘടനകള്‍ ഫോമയ്ക്ക് നല്‍കിയ സംഭാവനകള്‍ സ്വരൂപിച്ച് കേരളത്തിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കയറ്റി അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.

ഫോമയ്ക്ക് മലയാളികള്‍ നല്‍കിയ അംഗീകാരത്തിന്റെ മികവായി ഫോമാ ഇതിനെ കാണുന്നു. ഫോമായുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഹൃദയപൂര്‍വം അംഗീകരിച്ച എല്ലാ മലയാളികള്‍ക്കും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.