കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയെ മറികടക്കാനും, കേരളത്തിനാവശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു ജീവന്‍ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയും, ഫോമയിലെ അംഗ സംഘടനകളും, മറ്റു ജീവ കാരുണ്യ സംഘടനകളായ നന്മ, കെ.എച്ച്.എന്‍.എ, വേള്‍ഡ് മലയാളി കൗണ്‍സില്‍, നൈന, എ.കെ.എം.ജി എന്നീ സംഘടനകളും നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും, ക്ര്യത്യമായ വിവരങ്ങളും ഉപദേശങ്ങളും, ആവശ്യകതയെ സംബന്ധിച്ച് ശരിയാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി നടത്തിയ ചര്‍ച്ച, അംഗ സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും, കേരളം സര്‍ക്കാരിന്റെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും, ചീഫ് സെക്രട്ടറി വി.പി.ജോയിയുടെയും, അവസരോചിതമായ വിവരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.

ആദ്യമായാണ് ഒരു വിദേശ മലയാളി സംഘടന സര്‍ക്കാരുമായി കൈകോര്‍ത്ത് കോവിഡിനെ പ്രതിരോധിക്കാനും, കേരളത്തില്‍ താമസിക്കുന്ന സഹോദരങ്ങളെ സഹായിക്കാനും, ഒരു മാര്‍ഗ്ഗരേഖ ലഭിക്കുന്നതിന് വേണ്ടി യോഗം സംഘടിപ്പിച്ചത്. തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാരുമായുള്ള പ്രാരംഭ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് വിശാലമായ ചര്‍ച്ചകള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും യോഗം ചേര്‍ന്നത്.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റു ജീവന്‍ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമയിലെ അംഗ സംഘടനകള്‍, നന്മ, കെ.എച്ച്.എന്‍.എ, വേള്‍ഡ് മലയാളി കൗണ്‍സില്‍, നൈന, എ.കെ..എം.ജി തുടങ്ങിയ സന്നദ്ധ സംഘടനകളും പണം സമാഹരിച്ച് കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കോവിഡ്/ ഓക്‌സിജന്‍ വാര്‍ റൂമിനെ സംബന്ധിച്ചും, നിലവിലെ കൊറോണ വ്യാപനത്തിന്റെ അവസ്ഥയെ സംബന്ധിച്ചും, ഓക്‌സിജന്‍ കോണ്‍സന്ററേറ്ററിന്റെ ആവശ്യകതയെക്കുറിച്ചും, കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ വിഘ്നേശ്വരി IAS വിശദീകരിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് ഫോമക്ക് കൈമാറി. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.ആര്‍. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS,വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണത്തെ കുറിച്ചും, ഇനിയുണ്ടായേക്കാവുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ചും കേരളം നിലവില്‍ എടുത്തിട്ടുള്ള പ്രതിരോധ നടപടികളും, അദ്ദേഹം വിശദീകരിച്ചു.

യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് വി.ആര്‍ ക്ര്യഷ്ണ തേജയും, നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയും മറുപടി നല്‍കി. സ്വദേശത്തുള്ള ബന്ധുമിത്രാദികള്‍ക്ക് വിദേശത്തുള്ളവര്‍ക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാനാവുമെന്നും, അതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നും യോഗത്തില്‍ വിശദീകരിച്ചു. ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധ നികുതിയിളവുകള്‍ നല്കിയിട്ടുള്ള വിവരവും യോഗത്തില്‍ പങ്കു വെച്ചു. ഏതെങ്കിലും സംഘടനകള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അയക്കാന്‍ താല്പര്യപ്പെടുന്നെങ്കില്‍ ജൂണ്‍ 30 നകം എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

കേരളത്തെ സഹായിക്കാനുള്ള ഫോമയുടെയും അംഗസംഘടനകളുടെയും ശ്രമങ്ങളെയും, മറ്റു സന്നദ്ധ സംഘടനകളെ കാരുണ്യ-സേവന പദ്ധതികളില്‍ പങ്കാളികളാക്കുന്നതിനുള്ള ഫോമയുടെ സന്നദ്ധതയേയും യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി വി.പി.ജോയിയും, മറ്റുദ്യോഗസ്ഥരും അഭിനന്ദിച്ചു.