ഫോമയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നഴ്സിംഗ് ഫോറത്തിന്റെ ഉദ്ഘാടനവും, ഫോമാ നഴ്സിംഗ് ഫോറം ആതുര സേവന രംഗത്തെ മികച്ച സേവന സന്നദ്ധര്‍ക്ക് നല്‍കുന്ന ഫോമ നഴ്സിംഗ് എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും, മെയ് 1 ശനിയാഴ്ച ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 മണിക്ക് നടക്കും.

ചടങ്ങില്‍ അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഡോ.സ്വാതി കുല്‍ക്കര്‍ണി മുഖ്യാതിഥിയായി പങ്കെടുക്കും.

ആതുരസേവനരംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, പരിശീലന കളരി സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ തൊഴില്‍ സംബന്ധമായ അറിയിപ്പുകളും, ആവശ്യമായ തൊഴില്‍ സഹായങ്ങളും നല്‍കുക,ആരോഗ്യ രംഗത്തെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുക, സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് ഫോമാ മലയാളി നഴ്‌സിങ് ഫോറം രൂപം കൊള്ളുന്നത്.

National Association of Indian Nurses of America (NAINA) ന്റെ 2019-2020 ലെ പ്രസിഡന്റും, ഇന്‍ഡ്യാനയിലെ ഫ്രാന്‍സിസ്‌കന്‍ ഹെല്‍ത്ത് സെന്‍ട്രലിന്റെ നിലവിലെ വൈസ് പ്രസിഡന്റും, മുഖ്യ നഴ്സിംഗ് ഓഫീസറുമായ ഡോ.ആഗ്നസ് തേരാടി, ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ ലെജിസ്ലേറ്ററും, ലെജിസ്ലേറ്റീവ് വൈസ് ചെയര്‍പേഴ്സണുമായ ഡോ.ആനി പോള്‍, ജോയിന്റ് കമ്മീഷനിലെ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍, ഡോ.രാജി തോമസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

ആതുര സേവന രംഗത്ത്, ഏതു പ്രതിസന്ധിയിലും തളരാതെ പ്രവര്‍ത്തിക്കുന്ന നഴ്സുമാക്ക് പ്രോത്സാഹനവും, ഊര്‍ജ്ജവും നല്‍കുന്നതിനും, അവരെ കൂടുതല്‍ കര്‍മ്മ നിരതരാക്കുന്നതിനും വേണ്ടി ഫോമ നഴ്സിംഗ് ഫോറം നല്‍കുന്ന പ്രഥമ അവാര്‍ഡുകള്‍ ഉദ്ഘാടന യോഗത്തില്‍ പ്രഖ്യാപിക്കും.

ഉദ്ഘാടന വെബിനാറിലും, ഫോമാ നഴ്സിംഗ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തന പരിപാടികളിലും, എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, നഴ്സിങ് ഫോറം കോര്‍ഡിനേറ്റര്‍ ബിജു ആന്റണി, ചെയര്‍മാന്‍ ഡോ.മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനില്‍ സാം, വൈസ് ചെയര്‍മാന്‍ റോസ് മേരി കോലഞ്ചേരി, ജോയിന്റ് സെക്രട്ടറി ഡോ.ഷൈല റോഷിന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.