ഡിട്രോയിറ്റ്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാന്ത്വനമാകാന്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്ന് ഒരുക്കുന്ന മാസ്മരിക കലാമേള 'വിസ്മയ സാന്ത്വനം' മെയ് 15 ന് നടത്തപ്പെടുന്നു. ഫോമാ ഗ്രേറ്റ് ലേക്സ് റീജിയന്‍  സംഘടിപ്പിക്കുന്ന ഈ ദൃശ്യ വിസ്മയ വിരുന്ന് നോര്‍ത്ത് അമേരിക്കയിലെ  പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഈസ്റ്റേണ്‍  സമയം വൈകീട്ട് 7:30 നും സെന്‍ട്രല്‍  സമയം 6.30 നും കാണുവാന്‍ സാധിക്കും.  ഉണരും ഞങ്ങള്‍, ഉയരും ഞങ്ങള്‍, അതിജീവിക്കും ഞങ്ങള്‍ എന്ന മുദ്രാവാക്യത്തോടെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് ഒരു സ്‌നേഹസാന്ത്വനമാകാനുമാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി സംഘടിപ്പിക്കുന്നത്.

വെര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതി ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രെയിനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉള്‍പ്പെടുത്തിയിട്ടുള്ള വലിയ സംരംഭമാണ്.  ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ മികച്ച പരിശീലനം നല്‍കിയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ വേദിയിലെത്തിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുവാനും മറ്റുള്ളവരെപ്പോലെ അവര്‍ക്കും ഈ സമൂഹത്തില്‍ വലിയൊരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുകയുമാണ് മാജിക് അക്കാദമിയും ഫോമാ ഗ്രേറ്റ് ലേക്സ് റീജിയനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'വിസ്മയ സാന്ത്വനം' പരിപാടി കാണുവാനും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി ഫോമാ ഗ്രേറ്റ് ലേക്സ് റീജിയന്‍  ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സൈജന്‍ കണിയോടിക്കല്‍ - 248-925-7769 
ബിനോയ് ഏലിയാസ് - 586-883-3450 
ബിജോ ജെയിംസ് - 925-984-9227 
ലെസ്ലി സിജോ - 952-201-6828

വാര്‍ത്തയും ഫോട്ടോയും : അലന്‍ ചെന്നിത്തല