അവശ കലാകാരന്‍മാരുടെ ക്ഷേമത്തിനായും, അവരുടെ കുടുംബങ്ങള്‍ക്ക് തണലാകുന്നതിനും വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കാഫിന്റെ പ്രിയം എന്ന കാരുണ്യപദ്ധതിയുമായി കൈകോര്‍ത്ത് ഫോമയുടെ മെട്രോ റീജിയന്‍ മരണപ്പെട്ടുപോയ കലാകാരന്മാരുടെ വിധവകള്‍ക്കായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഫോമാ മെട്രോ റീജിയനുവേണ്ടി റീജിയണല്‍ വൈസ് പ്രസിഡന്റ് ബിനോയ് തോമസാണ് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്.

കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞടുത്ത നാല് പേര്‍ക്ക് വീതം സാമ്പത്തിക പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പ്രിയം കാരുണ്യ പദ്ധതിയിലൂടെ കാഫ് ഉദ്ദേശിക്കുന്നത്. കാഫിന്റെ കാരുണ്യ പദ്ധതിയില്‍ ഭാഗമായതില്‍ കാഫിന്റെ ഭാരവാഹികള്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയ്ക്കും ഫോമയുടെ മെട്രോ റീജിയനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഫോമ ഹെല്പിങ് ഹാന്റ് വഴിയും, അല്ലാതെയും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ നടത്തി വരുന്നത്. ഫോമയുടെ പാര്‍പ്പിട പദ്ധതിയുടെ പുതിയ പ്രോജക്ട് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞു.

ഫോമാ മെട്രോ റീജിയന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെയും, അതിനു നേതൃത്വം നല്‍കുന്ന റീജിയണല്‍ വൈസ് പ്രസിഡന്റ്, ബിനോയ് തോമസ്, നാഷണല്‍ കമ്മിറ്റി മെംബറന്മാരായ ജെയിംസ് മാത്യു, ഡിന്‍സില്‍ ജോര്‍ജ്, ഫോമാ മെട്രോ റീജിയണല്‍ ഭാരവാഹികള്‍ എന്നിവരെയും, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭിനന്ദിച്ചു.