ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ രൂപം നല്‍കിയ ഫോമാ ഹെല്പിങ് ഹാന്‍ഡ്,  ഫീസ് അടക്കാന്‍ ക്ലേശിച്ച കൊല്ലത്തുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ജി.അഭിരാമിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫോമക്ക്  വേണ്ടി ഫോമയുടെ സഹചാരിയായ ഡോ.ജേക്കബ് തോമസ്  മുന്‍കൈയെടുത്താണ് അടിയന്തിരമായി കൊല്ലം ബീച്ച് റിട്രീറ്റില്‍ വെച്ച് ചെക്ക് കൈമാറിയത്. ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം, കോളേജില്‍ നിന്നും പുറത്താകുമെന്നുള്ള സാഹചര്യത്തിലാണ് ഫോമാ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍  സഹായധനം എത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഭിരാമിക്ക് ഫീസ് അടക്കുന്നതിനുള്ള സത്കര്‍മ്മത്തില്‍,ഫോമ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ്.എ യും ഒരുമിച്ചാണ് പങ്കാളികളായത്.

അഭിരാമിയെ സഹായിക്കാന്‍ സന്നദ്ധരായ കുസുമം ടൈറ്റസ്, സ്വപ്ന രാജന്‍, ജൂലൈ ബിനോയ് എന്നിവരെ ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹെല്പിങ് ഹാന്‍ഡ്സിന്റെ  നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പോറ്റി, ചെയര്‍മാന്‍ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അഭിനന്ദിച്ചു. ഫോമയുടെ ഹെല്‍പിങ് ഹാന്‍ഡുമായി സന്മനസുള്ള എല്ലാ മലയാളികളും സഹകരിക്കാന്‍ ഫോമയുടെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍