ഫോമയുടെ ഹെല്പിങ് ഹാന്‍ഡ്സ് പദ്ധതിയുടെ ന്യൂയോര്‍ക്ക് മേഖല മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് ക്യൂന്‍സിലുള്ള സന്തൂര്‍ റസ്റ്റോറന്റില്‍ വെച്ചുനടന്ന ചടങ്ങില്‍ ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് ചെയര്‍മാന്‍ സാബു ലൂക്കോസിന് സംഭാവന നല്‍കിക്കൊണ്ട് സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ഫോമാ യൂത്ത് ഫോറം അഡൈ്വസറി & നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അജിത് കൊച്ചുകുടിയില്‍ എബ്രഹാം ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് സെക്രട്ടറി ബിജു ചാക്കോയ്ക്ക് മെംബര്‍ഷിപ്പ് തുക സംഭാവന ചെയ്തു കൊണ്ട് ഫോമാ ഹെല്പിങ് ഹാന്‍ഡ്സില്‍ അംഗത്വം സ്വീകരിച്ചു. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു സമഭാവനയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്ന, ജീവകാരുണ്യത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി നിലകൊള്ളുന്ന എക്കോ (Enhanced Community through Harmonious Outreach) എന്ന സംഘടനയുടെ നാമത്തില്‍ ഡോ:തോമസ് മാത്യു 1500 ഡോളര്‍ നല്‍കി ഫോമാ ഹെല്പിങ് ഹാന്‍ഡ്സില്‍ അംഗത്വം സ്വീകരിച്ചു.

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിനോയ് തോമസും ഹെല്പിങ് ഹാന്‍ഡ്സ് കമ്മ്യൂണിറ്റി ലയ്‌സണ്‍ വിജി എബ്രഹാമും സംയുക്തമായി നടത്തിയ ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് മെംബര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത് കൊണ്ട് ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ മിനോസ് എബ്രഹാം 1000 ഡോളര്‍ സംഭാവന ചെയ്തു. 

നിര്‍ധനരും, ആലംബഹീനരും, അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളില്‍ ഒരു കൈത്താങ്ങാകുവാനും, ഫോമാ രൂപം നല്‍കിയ സാമ്പത്തിക സഹായ പദ്ധതിയാണ് ഹെല്പിങ് ഹാന്‍ഡ്. ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ ഇത്തരമൊരു സഹായ പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ഡോളറില്‍ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക് https://fomaahelpinghands.org എന്ന വെബ്‌സൈറ്റിലൂടെ സംഭാവനയായി നല്‍കി ഹെല്പിങ് ഹാന്റില്‍ പങ്കാളികളാകാം. അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്നവിധമാണ് ഫോമയുടെ ഹെല്പിങ് ഹാന്‍ഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലുംപെട്ട് സാമ്പത്തിക ക്ലേശമനുഭവിക്കുന്നവര്‍, വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, തുടങ്ങിയവരെയാണ് ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കള്‍ ആയി കണക്കാക്കുക.

അന്തരിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ആയിരുന്ന ഗായകന്‍ സോമസുന്ദരത്തിന്റെ കുടുംബത്തിന് സഹായം നല്‍കിക്കൊണ്ടാണ് ഹെല്പിങ് ഹാന്‍ഡ്സിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇതിനോടകം അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്ന് രണ്ടായിരത്തിനുമേല്‍ പേര്‍ സഹായ സന്നദ്ധരായി ഹെല്പിങ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് ഹെല്പിങ് ഹാന്റ് ചെയര്‍മാന്‍ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അറിയിച്ചു.

ദാനശീലരായ സന്മനസ്സുള്ള എല്ലാ മലയാളികളും ഒറ്റക്കെട്ടായി ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് എന്ന ഈ ബൃഹത്സംരംഭത്തില്‍ അംഗത്വം എടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ ഹെല്പിങ് ഹാന്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പോറ്റി, ചെയര്‍മാന്‍ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍