ന്യൂയോര്‍ക്ക്: ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് കോണ്‍സുലര്‍ ജനറല്‍ രണ്‍ധീര്‍ സിങ്ങിന്റെ ക്ഷണപ്രകാരം ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് കോണ്‍സുലേറ്റില്‍ വച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ഫോമായുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു. ഫോമായുടെ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് അനിയന്‍ ജോര്‍ജ് കോണ്‍സുലേറ്റ് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്.

ഫോമായുടെ പേരില്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിലെ ഏവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന അനിയന്‍ ജോര്‍ജ് പ്രവാസി ഇന്ത്യന്‍, പ്രത്യേകിച്ച് മലയാളി സമൂഹവുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഫോമായുടെ ജനപ്രിയമായ ഭാവി പരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു. ഡെപ്യൂട്ടി കോണ്‍സുലാര്‍ ജനറല്‍ ശത്രുഘ്നന്‍ സിന്‍ഹ, കോണ്‍സുലാര്‍ എ.കെ വിജയകൃഷ്ണന്‍, ഡി & കെ സി.ഇ.ഒ ദിലീപ് വര്‍ഗീസ്, ജോയ് ആലുക്കാസ് മാനേജര്‍ (യു.എസ്.എ) ഫ്രാന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ സിങ് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ അക്കാര്യങ്ങള്‍ കോണ്‍സുലേറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അതിനൊക്കെ പരിഹാരം കാണുവാനും ഫോമായ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍സുലേറ്റ് നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും ഫോമാ എക്സിക്യൂട്ടീവ് അംഗങ്ങളായ റ്റി ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), തോമസ് റ്റി ഉമ്മന്‍ (ട്രഷറര്‍), പ്രദീപ് നായര്‍ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ പേരിലും നാഷണല്‍ കമ്മിറ്റിയുടെ പേരിലും ഫോമാ കുടുംബാംഗങ്ങളുടെ പേരിലും പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഹൃദയപൂര്‍വം നന്ദി അറിയിച്ചു.