ഫ്‌ളോറിഡ: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ അക്ഷര ജ്വാല എന്ന പേരില്‍ നടത്തിയ 40 ദിവസത്തെ മലയാളം ക്ലാസ്സുകളുടെ സമാപന മീറ്റിംഗ് ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഏഷ്യന്‍ സ്റ്റഡീസ് മേധാവി ഡൊണാള്‍ഡ് ഡേവിസ് നിര്‍വഹിച്ചു. മലയാളത്തില്‍ സംസാരിച്ചു കൊണ്ടാണ് സമാപന സമ്മേളനത്തില്‍ പ്രൊഫ.ഡേവിസ് സംസാരിച്ചത്. മിസ്സോറി മേയര്‍ റോബിന്‍ ഏലക്കാട്ടില്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിക്കറ്റുകള്‍ വിതരണം ചെയ്തു. 

ഡോണ്‍ ഡേവിസ്, താന്‍ കേരളത്തില്‍ താമസിച്ച രണ്ടു വര്‍ഷത്തെ അനുസ്മരിച്ചു, മലയാള ഭാഷയെയും മലയാളി സംസ്‌കാരത്തെയും പ്രശംസിച്ചു സംസാരിച്ചു. കുട്ടികള്‍ക്ക് അടിസ്ഥാന മലയാളം എഴുതുവാനും വായിക്കുവാനും കഴിയും എന്ന സര്‍ട്ടിഫിക്കറ്റ് ആണ് വിതരണം നടത്തിയത്. ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

ഗാന്ധി യൂണിവേഴ്‌സിറ്റി യുണിയന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന ജെസ്സി സെബാസ്റ്റ്യന്‍ ആയിരുന്നു അധ്യാപിക. സഹായികളായി പ്രവര്‍ത്തിച്ച ജാനിസ് ജോബി പുല്ലത്തില്‍ വെര്‍ജീനിയ, അനു ഷെറി ഫ്ളോറിഡ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

പങ്കെടുത്ത കുട്ടികള്‍ക്ക് മലയാള വാക്കുകള്‍ എഴുതാനുള്ള കഴിവ് മീറ്റിംഗില്‍ നടത്തിയ ടെസ്റ്റില്‍ കൂടി തെളിയിച്ചത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി സ്വാഗതവും ട്രഷറര്‍ സണ്ണി മറ്റമന മലയാളം അക്കാദമിയുടെ  രൂപരേഖയും സദസ്സിനു നല്‍കി. ഫൊക്കാനാ യൂത്ത് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രേഷ്മ സുനില്‍ (കാനഡ ) ആണ് മീറ്റിംഗ് നിയന്ത്രിച്ചതു. ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

നിത്യജീവിതത്തില്‍ ഫലപ്രദമായി മലയാളത്തില്‍ ആശയവിനിമയം നടത്താനുള്ള ശേഷി അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ നേടുക എന്നതാണ് ഫൊക്കാന ഈ പഠനക്ലാസിലുടെ ലഷ്യം വച്ചത്. പഠിതാക്കളില്‍ അത്തരമൊരു ശേഷി നേടിക്കൊടുക്കുവാന്‍ അധ്യാപകരും ശ്രദ്ധിച്ചു. സംശയവും ഭയവുമില്ലാതെ മലയാള ഭാഷ ഉപയോഗിക്കാന്‍ ഈ കുട്ടികള്‍ക്ക് കഴിഞ്ഞത് ഒരു അഭിമാനായി കാണുന്നതായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പറഞ്ഞു. മലയാള ഭാഷ പഠനത്തിലൂടെ ആ സംസ്‌കാരം കൈമാറുക എന്നതാണ് ഫൊക്കാന ഉദ്ദേശിക്കുന്നത് എന്ന് സെക്രട്ടറി സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു .

സമൂഹത്തോടൊപ്പം ഭാഷയും, ഭാഷയോടൊപ്പം സമൂഹവും വളരുന്നു എന്നാണ് പറയുന്നത്, ഭാഷാപഠിതാക്കള്‍ ഭാഷയോടൊപ്പം നമ്മുടെ സംസ്‌കാരപഠനംകൂടിയാണ് നടത്തുന്നത് എന്ന് ട്രഷറര്‍ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.

കുട്ടികളോടൊപ്പം ക്ലാസ്സുകളില്‍ പല മാതാപിതാക്കളും പങ്കെടുത്തിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് മലയാളം സംസാരിക്കാനും എഴുതാനും സാധ്യമാക്കിയ ഫൊക്കാനാ നേതൃത്വത്തെയും അധ്യാപകരെയും കുട്ടികളും മാതാപിതാക്കളും അഭിനന്ദിച്ചു. ഡോ.മാത്യു വര്‍ഗീസ് ഡിട്രോയിറ്റ്, സോണി അമ്പൂക്കന്‍ കണക്ടിക്കട്, ജോണ്‍സന്‍ തങ്കച്ചന്‍ വെര്‍ജീനിയ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.