ന്യൂജേഴ്സി: പ്രവാസികളുടെ പരമ്പരാഗതമായി നിലനിന്നിരുന്ന അവകാശത്തര്‍ക്കങ്ങള്‍ക്ക് മേല്‍കത്തി വയ്ക്കുന്ന പുതിയ പൗരത്വഭേദഗതി നിയമം പുനഃപരിശോധിക്കണമെന്ന്  ഫൊക്കാന നേതൃത്വം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ ഇന്ത്യയില്‍ പരമ്പരാഗതമായുള്ള വസ്തുക്കളുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍,  ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) പുതുക്കുന്നതില്‍ ഏര്‍പ്പെടുത്തിയ ഭേദഗതി, പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയില്‍ ഉപരിപഠനം നടത്താനുള്ള അവകാശങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഭേദഗതികള്‍ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട്   CG-DL-E-04032021-225647 എന്ന നമ്പറില്‍ മാര്‍ച്ച്  4ന് വിദേശ മന്ത്രാലയം ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് പ്രവാസികളുടെ അവകാശങ്ങളുടെമേല്‍ കടന്നുകയറ്റം നടത്താനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ഇടപെടലുകള്‍ നടത്തുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ക്ക് ഫൊക്കാന നേതൃത്വം നിവേദനം നല്‍കി.

ഇന്ത്യയുടെ സാമ്പത്തിക ശ്രോതസിന്റെ നട്ടെല്ലായ പ്രവാസികളുടെമേല്‍ തുടര്‍ച്ചയായി നടത്തുന്ന അവകാശലംഘനം പ്രവാസികളോടുള്ള കടുത്ത അവഗണനയായി മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പറഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലുള്ള വസ്തുവഹകള്‍ ക്രയവിക്രയം ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിക്കണമെന്ന അശാസ്ത്രീയമായ നിയമ ഭേദഗതി നടപ്പിലാകുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും ഫൊക്കാന  നേതാക്കന്മാര്‍ അറിയിച്ചു.  

2005 ഏപ്രില്‍ മുതല്‍ വിവിധ ഘട്ടങ്ങളില്‍ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാര്‍ഡുള്ളവര്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ 57 മത് അനുച്ഛേദനത്തിലെ പൗരത്വ നിയമത്തിനു കീഴിലുള്ള സെക്ഷന്‍ 7 ബിയിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രവാസികളെ ദ്രോഹിക്കുന്ന തരത്തില്‍ നിയമഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനമിറക്കിയിട്ടുള്ളത്.

ഒസിഐ കാര്‍ഡുള്ള ഇന്ത്യാക്കാര്‍ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും കാലക്രമേണ ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ, പഠനങ്ങളോ, മതപ്രഭാഷണമോ, മാധ്യമ പ്രവര്‍ത്തനമോ നടത്തണമെങ്കില്‍ ഒസിഐ കാര്‍ഡുള്ള ഇന്ത്യാക്കാര്‍ക്ക് ഇനിമുതല്‍ പ്രത്യേക അനുമതി വാങ്ങേണ്ടതായും വരും. വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യന്‍ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒസിഐ കാര്‍ഡുള്ളവര്‍ക്കും ലഭിക്കുന്നുണ്ട്.  പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഒ.സി.ഐ കാര്‍ഡുള്ള പ്രവാസികള്‍ക്ക് ലഭിച്ചിരുന്ന ഒട്ടു മിക്ക അവകാശങ്ങളും ഇല്ലാതാകും. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന പ്രവാസികളുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍കൂടി ഇല്ലാതാക്കുന്ന ഈ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നും ഫൊക്കാന നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രവാസികളെ മനപൂര്‍വ്വം ദ്രോഹിക്കാനുതകുന്ന ഇത്തരം നിയമഭേദഗതിയില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറാകണമെന്നും അല്ലാത്ത പക്ഷം ഫൊക്കാനയുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്നും  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ.സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹിയെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, മുന്‍ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധന്‍, കമാന്‍ഡര്‍ ജോര്‍ജ് കൊരുത്, മന്മഥന്‍ നായര്‍, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവന്‍ ബി. നായര്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി സജി പോത്തന്‍, വൈസ് പ്രസിഡന്റ് ബെന്‍ പോള്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി.ജേക്കബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ തുടങ്ങിയവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍