ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വിമന്‍സ് ഫോറത്തിന് ഡിട്രോയിറ്റില്‍ വര്‍ണ്ണാഭമായ തുടക്കം. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാറന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന് വിമന്‍സ് ഫോറം പ്രസിഡന്റ് ഡെയിസന്‍ ചാക്കോ, സെക്രട്ടറി ഷാലന്‍ ജോര്‍ജ്, ട്രഷറര്‍ ആനി മാത്യു, വൈസ് പ്രസിഡന്റ് മറിയാമ്മ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അന്നമ്മ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

സമൂഹത്തില്‍ ചൂഷണത്തിനും അക്രമത്തിനും സ്ത്രീകളും കുട്ടികളും വിധേയരായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുവാനും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാനുമുള്ള വിവിധ പരിപാടികള്‍ക്ക് വിമന്‍സ് ഫോറം നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ഡെയിസന്‍ ചാക്കോ ഉദ്ഘാടന സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും തനതായ ശൈലിയും നമ്മുടെ പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സഹായിക്കുന്ന പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ വിതരണം, ആരോഗ്യപരിപാലനത്തിനായുള്ള സെമിനാറുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കും. കേരളത്തിലെ ആദിവാസി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വിതരണം നടത്തി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് വിമന്‍സ് ഫോറം തുടക്കം കുറിച്ചു. ഉദ്ഘാടന സമ്മേളനത്തോടു ചേര്‍ന്ന് മികച്ച കലാകാരന്‍മാരും കലാകാരികളും പങ്കെടുത്ത കലാപരിപാടികള്‍ അരങ്ങേറി. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹായസഹകരണങ്ങള്‍ ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത അയച്ചത് : അലന്‍ ചെന്നിത്തല