ഫ്‌ളോറിഡ: മധുവിധു ആഘോഷിക്കുവാന്‍ തുടങ്ങും മുമ്പെ യുവദമ്പതികളെ മരണം തട്ടിയെടുത്തു. ഒക്ടോബര്‍ 1 ന് വിവാഹിതരായ യുവപൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍(30) ലിന്‍ഡ്‌സി വേഗിലാര്‍ (33) എന്നിവരാണ് സ്വകാര്യ വിമാനം പറപ്പിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.

ഒക്ടോബര്‍ 4-ന് കൊളറാഡൊ സാന്‍വാന്‍ മലനിരകളില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നും ഒക്ടോബര്‍ 5 നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

plane crashസാഹസികമായി മധുവിധു ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത വിമാനയാത്രയുടെ തത്സമയ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് ഓണ്‍ലൈനിലൂടെ അയയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടകാരണം വ്യക്തമല്ല.

യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റും ഫ്‌ളൈറ്റ് ഇന്‍സ്ട്രക്റ്ററും ആയിരുന്ന ജോണ്‍ ആയിരുന്നു ഈ ചെറുവിമാനം നിയന്ത്രിച്ചിരുന്നത്.

ടെലുറൈഡ് വിമാനത്താവളത്തില്‍ നിന്നും ഉച്ചക്ക് 12.4 ന് പറന്നുയര്‍ന്ന വിമാനം പതിനഞ്ചുമിനിറ്റുകള്‍ക്കകം തകര്‍ന്ന് വീഴുകയായിരുന്നു. ജോണിന്റെ ഭാര്യയും എയര്‍ ഇന്‍ഡസ്ട്രിയിലെ ജീവനക്കാരിയായിരുന്നു.

നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍