വാഷിങ്ടൺ ഡിസി: യു.എസിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിന് ഫെഡറൽ റിസർവിലുള്ള ഓയിൽ ശേഖരത്തിൽനിന്ന് അഞ്ചു കോടി ബാരൽ വിട്ടുനൽകുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാക്കി പുറത്തുവിട്ടു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി പകുതിയിലധികം വിലയാണ് കൂടിയത്. ഇപ്പോൾ ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3.50 ഡോളറാണ്. ഇപ്പോൾ വിട്ടുനൽകുന്ന 50 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആഗോളവിപണിയിൽ വില കുറക്കുന്നതിന് ഇടയാക്കാം. പെട്രോളിയം ഇന്ധനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഇന്ത്യ, യു.കെ., ചൈന എന്നീ രാജ്യങ്ങളിലെ വിലയും ഇതോടെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് യു.എസ്. അധികൃതർ കരുതുന്നത്. 

ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപനം വന്നതോടെ അമേരിക്കയിൽ ഇന്ധനവിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. 50 മില്യൺ ബാരൽ എന്നത് 70 മുതൽ 80 ബില്യൺ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ പ്രഖ്യാപനം വന്നതോടെ ഇന്ത്യ ഗവൺമെന്റും 50 ലക്ഷം ബാരൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. ബ്രിട്ടീഷ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും കരുതൽ ശേഖരത്തിൽനിന്ന് ഇന്ധനം വിട്ടുനൽകുമെന്ന പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാസിന് വില ഉയർന്നതോടെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഓരോ ദിവസവും യു.എസിൽ വർധിച്ചു വരികയാണ്. ബൈഡൻ ഗവൺമെന്റിന്റെ കെടുകാര്യസ്ഥതയാണ് വിലവർധനവിന് ഇടയാക്കിയതെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചു.

വാർത്തയും ഫോട്ടോയും : പി.പി.ചെറിയാൻ