ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം'' (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്) ന്റെ   ആഭിമുഖ്യത്തില്‍ ലോസ് ആഞ്ജലിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ 'എജുക്കേറ്റ് എ കിഡ്' സേവനത്തിന്റെ പതിമൂന്നാം വാര്‍ഷികം ആഘോഷിച്ചു. ലോസ് ആഞ്ജലിസിലെ ലൈക് ഫോറസ്റ്റിലുള്ള ഗോദാവരി റസ്റ്റോറന്റില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍. ആഷ്‌നയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ഓം പ്രസിഡന്റ് രമ നായര്‍ അതിഥികളെ സ്വാഗതം ചെയ്തു. പതിമൂന്നുവര്‍ഷമായി ട്രസ്റ്റുനടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തരൂപം ചെയര്‍ ഡോ.ശ്രീദേവി വാര്യര്‍ സദസിനുമുമ്പില്‍ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിഗ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാന്‍ കഴിഞ്ഞതായും ഈ വര്‍ഷം കൂടുതല്‍ പേരിലേക്കു സഹായമെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ വീഡിയോവഴി പങ്കുവെച്ചു. 

വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയുമായ എറിക് ഗുട്ടിറെസ്, ഡോ.വില്യം സ്ട്രിന്‍ജര്‍, ജി എസ് ടി ഗ്ലോബല്‍ ചീഫ് സാജന്‍ പിള്ള, കെ പി ഹരി (സ്‌പെറിഡിയന്‍ ടെക്‌നോളജി), സഞ്ജയ് (സിംപ്ലയിന്‍ ടെക്‌നോളജി), റിയല്‍ എസ്റ്റേറ്റര്‍ മാത്യു തോമസ്, എജുക്കേറ്റ് എ കിഡിന്റെ കേരളത്തിലെ ഉപദേശകരില്‍ ഒരാളായ ജി കെ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഒരു വ്യാഴവട്ടകാലമായി കേരളത്തിലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ 'എജുകെറ്റ് എ കിഡ്' നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. സൂസന്‍ ഡാനിയല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട് ട്രസ്റ്റ് സെക്രട്ടറി ജയ് ജോണ്‍സണ്‍, പോള്‍ കാള്‍റ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള മുന്നോറോളം പേര്‍ പരിപാടികള്‍ക്കെത്തിയിരുന്നു.

സ്‌പോണ്‍സര്‍മാരായ സാജന്‍ പിള്ള, ലത ഹരിഹരന്‍, കെ. പി. ഹരി, വൃന്ദ ഹരി, സഞ്ജയ് ഇളയാട്ട്, സ്മിത സഞ്ജയ്, മാത്യു തോമസ് എന്നിവരെ ആദരിച്ച ചടങ്ങില്‍ സെക്രട്ടറി വിനോദ് ബാഹുലേയന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഓംമിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ രവി വെള്ളത്തിരി നന്ദി അറിയിച്ചു. വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു അറുപത്തയ്യായിരത്തോളം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി അറിയിച്ച അദ്ദേഹം, ഇനിയും ഈവര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ മുപ്പത്തിയൊന്നിനുമുന്പായി അവ എത്തിക്കാമെന്നും സഭാവനകള്‍ക്കു നിയമാനുസൃതമായ നികുതിയിളവ് ലഭ്യമാണെന്നും അറിയിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി ഒരു ലക്ഷത്തിലധികം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ ഓംമിന്റെ വിദ്യാഭ്യസ സഹായ പദ്ധതിക്കും നിര്‍ലോഭമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. കീര്‍ത്തി പലിയത്ത് പരിപാടികള്‍ നിയന്ത്രിച്ചു.