ടൊറന്റൊ: കാനഡയില്‍ ലോക്ഡൗണ്‍ കാലത്ത് ലഹരിമരുന്ന് വില്‍പ്പനയും കടത്തും വ്യാപകമായതായി സൂചന. അതിര്‍ത്ത് കടന്നുവന്ന 1000 കിലോ ഗ്രാം ലഹരിമരുന്നാണ് ഇക്കാലയളവില്‍ പിടികൂടിയത്. ഇതോടനുബന്ധിച്ച് 20 പേര്‍ അറസ്റ്റിലായി. 

എക്സ്റെ സ്‌കാനിങ്ങില്‍ പിടികൂടാനാവാത്ത വിധമാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തിക്കൊണ്ടിരുന്നത്. മെക്സിക്കോയില്‍നിന്നും കാലിഫോര്‍ണിയയില്‍നിന്നും ഒന്റാറിയോയിലെ നഗരങ്ങളിലേക്ക് ഒരേ സമയം 100 കിലോഗ്രാം വരെ മയക്കുമരുന്ന് ട്രാക്ടര്‍-ട്രെയിലറുകളില്‍ കൊണ്ടുവന്നിരുന്നു. ടാപ്പ്-ട്രെയിലറുകളില്‍ ട്രാപ്പ് ഡോര്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഉപയോഗിച്ച്, പ്രത്യേക തരത്തിലുള്ള അറകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. 

ട്രക്കുകളിലാണ് കള്ളക്കടത്ത് നടത്തിക്കൊണ്ടിരുന്നത് കൊറോണക്കാലം ആയതുകൊണ്ട് അതിര്‍ത്തിയില്‍ അധികം ചെക്കിങ് ഇല്ലാത്തതും ഇവര്‍ക്ക് സൗകര്യമായി. പിടികൂടിയവരില്‍ ടൊറന്റോയിലെ സ്‌കോട്ട് മക്മാനസ്(38), വില്യം നാന്‍(23) എന്നിവരും ഉള്‍പ്പെടുന്നു. 

ഏകദേശം 6.1 കോടി ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍, ക്രിസ്റ്റല്‍ മെത്ത്, മരിജുവാന എന്നിവയാണ് പിടിച്ചെടുത്തത്. ആകെ 182 ക്രിമിനല്‍ കോഡ് ചാര്‍ജുകളാണ് പിടിയിലായവര്‍ നേരിടുന്നത്. ആര്‍.സി.എം.പി., ഒ.പി.പി., യോര്‍ക്ക് റീജിയണല്‍ പോലീസ്, മോണ്‍ട്രിയല്‍ പോലീസ് തുടങ്ങിയ പ്രവിശ്യ, ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷണത്തിന് സഹായിച്ചതായി ടൊറന്റോ പോലീസ് പറയുന്നു.

ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച വണ്ടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. കാനഡയില്‍ നിയമപരമായി വാങ്ങാമെങ്കിലും ഇപ്പോഴും കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകള്‍ അതിര്‍ത്തി കടന്നു വരുന്നുണ്ട്. പിടികൂടിയ ലഹരിമരുന്ന് നശിപ്പിക്കും. ലോറിയില്‍ പ്രത്യേകം അറകള്‍ ഉണ്ടാക്കിയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. പിടിയിലായവരെ പോലീസ് പ്രത്യേകസെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

വാര്‍ത്തയും ഫോട്ടോയും : ഷിബു കിഴക്കേകുറ്റ്‌