ഹൂസ്റ്റണ്‍: ടെക്‌സാസില്‍ ഈയിടെ ഉണ്ടായ കനത്ത ഹിമപാതത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പൊതു ജനങ്ങളുടെ സഹകരണവും സംഭാവനകളും അഭ്യര്‍ത്ഥിച്ചു ഹൂസ്റ്റണ്‍ മേയര്‍ ടര്‍ണര്‍.
ഞാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. എത്രയും സഹായം ചെയ്യുവാന്‍ കഴിയുമോ അത്രയും അടിയന്തിരമായി ചെയ്യണം. ഹൂസ്റ്റണ്‍ സിറ്റിയിലും ഹാരിസ് കൗണ്ടിയിലും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഫെബ്രുവരി 22 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അഭ്യര്‍ത്ഥിച്ചു.
ഫെഡറല്‍ സഹായം ലഭിക്കുന്നതുകൊണ്ടുമാത്രം എല്ലാവരെയും സഹായിക്കുവാന്‍ കഴിയുകയില്ല. സാമ്പത്തിക സഹായം ചെയ്യുവാന്‍ സാധിക്കാത്തവര്‍ വീടുകളില്‍ പൊട്ടി ഒലിക്കുന്ന പൈപ്പുകള്‍ നന്നാക്കുന്നതിനോ വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനോ മുന്നിട്ടിറങ്ങണമെന്നും മേയര്‍ പറഞ്ഞു.
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ യുണൈറ്റഡ് വെ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നിവരെ ഫണ്ടു വിതരണം ചെയ്യുന്നതിന് സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റേതെല്ലാം കമ്യൂണി ഓര്‍ഗനൈസേഷനുകളെ ഫണ്ട് ഏല്പിക്കണമെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും മേയര്‍ അറിയിച്ചു.
അതേസമയം വിന്റര്‍ സ്റ്റോമില്‍ നാശനഷ്ടം സംഭവിച്ചവര്‍ ഉടനെ അധികൃതരുമായി ബന്ധപ്പെടണമെന്ന് മേയര്‍ പറഞ്ഞു. 211 നമ്പര്‍ ഡയല്‍ ചെയ്താല്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍