ഡാലസ്: ഡാലസില്‍ സ്വന്തം ആവശ്യത്തിന് 2 ഔണ്‍സില്‍ താഴെ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്യുകയില്ലെന്ന് ഡാലസ് പോലീസ് ചീഫ് എഡ്ഡി ഗാര്‍സിയ അറിയിച്ചു. ഏപ്രില്‍ 20 മുതലാണ് ഈ നിയമം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടൗണ്‍സില്‍ കൂടുതല്‍ പിടിച്ചെടുക്കുകയോ ഫയര്‍ ആം കൈവശം ഉണ്ടായിരിക്കുകയോ ചെയ്താല്‍ പോലീസ് ടിക്കറ്റ് നല്‍കും.

അതോടൊപ്പം രണ്ട് ഔണ്‍സുള്ള കൂടുതല്‍ ബാഗുകള്‍ കൈവശം വെച്ച് വാഹനം ഓടിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2019 ല്‍ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍, ചെറിയ തോതില്‍ കഞ്ചാവ് കൈവശം വെക്കുന്നതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്ന് വ്യക്തമാക്കിയിട്ടും ഡാലസ് പോലീസ് അറസ്റ്റ് തുടര്‍ന്നിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ കഞ്ചാവ് കൈവശം വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 85 ശതമാനവും ചെറിയ തോതില്‍ കൈവശം വെച്ചവരായിരുന്നുവെന്ന് കമ്യൂണിറ്റി പോലീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ പല സിറ്റികളിലും ഇതിനുസമാനമായി പോലീസ് നയം രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

ഡാലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ തീരുമാനം മെമ്മോ വഴി ഡാലസ് സിറ്റി കൗണ്‍സിലിനെ അറിയിച്ചതായും പോലീസ് ചീഫ് പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍