ഡാലസ്: ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് വീണ്ടും റെഡ് റിസ്‌ക് ലെവലിലേക്ക് മാറുന്നതായി ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജെങ്കിന്‍സ് പ്രഖ്യാപിച്ചു.

ആറാഴ്ച മുമ്പ് കോവിഡ്19 കേസുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് ഹൈയസ്റ്റ് റെഡ് സ്‌റ്റെ അറ്റ് ഹോം സ്‌റ്റെ സേഫ് എന്ന നിലയില്‍ നിന്നും ഓറഞ്ച് ലെവലിലേക്ക് എക്‌സ്ട്രീം കോഷനിലേക്ക് മാറ്റിയിരുന്നു.

ഒക്ടോബര്‍ 14 ന് പുതിയതായി 504 കോവിഡ്19 പോസിറ്റീവ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതുമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരംറെഡ് റിസ്‌ക് ലെവലിലേക്ക് മാറുന്നതെന്ന് ജഡ്ജി വിശദീകരിച്ചു. ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീട്ടില്‍ തന്നെ കഴിയണമെന്നും ജഡ്ജി നിര്‍ദേശിച്ചു.

സ്‌കൂളുകളും കോളേജുകളും തുറന്നതിനെത്തുടര്‍ന്നാണ് ഇത്രയും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഡാലസ് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫിലിപ്പ് വാങ് പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍