ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. മാര്‍ച്ച് 4 നു ശേഷം ഏറ്റവും കൂടുതല്‍ രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചത് ജൂലായ് 21 നാണ്.

കൗണ്ടിയില്‍ ഇനിയും കേസുകള്‍ വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സ് മുന്നറിയിപ്പ് നല്‍കി.

അടുത്ത ആഴ്ചകളില്‍ രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

65 വയസിന് മുകളിലുള്ളവരാണ് കൂടുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് ഡാലസ് കൗണ്ടി ഹെല്‍ത്ത് അധികൃതരും പറഞ്ഞു.

ബുധനാഴ്ച മാത്രം ഡാലസ് കൗണ്ടിയില്‍ 659 പോസിറ്റീവ് കേസുകളണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചുപേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം വൈറസ് തട്ടിയെടുത്തത് 4171 പേരുടെ ജീവനാണ്. കൊറോണ വൈറസിനേക്കാള്‍ ഇരട്ടി മാരകശേഷിയുള്ള ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ധിച്ചുവരുന്നതായും ഇതിനെ ഫലപ്രദമായി തടയുന്നതിന് വാക്‌സിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍