ഡാലസ്: ഡാലസിലെ കോവിഡ്19 വ്യാപനം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന സ്‌കെയില്‍ ഓറഞ്ചില്‍ നിന്നും ഏറ്റവും ഉയര്‍ന്ന തോതായി റെഡിലേക്ക് ഉയര്‍ത്തിയതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ വര്‍ധനവ് ഉണ്ടായതിനെതുടര്‍ന്ന് ഓഗസ്റ്റ് 3 ന് ചേര്‍ന്ന കൗണ്ടി പബ്ലിക് ഹെല്‍ത്ത് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.

ടെക്‌സാസില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ 189 ശതമാനം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 94 ശതമാനം വര്‍ധനവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം, നോര്‍ത്ത് ടെക്‌സാസിലാണൈങ്കില്‍ ജൂണ്‍ മുതല്‍ 321 ശതമാനമാണ് വര്‍ധന എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം ടെക്‌സാസ് ഗവര്‍ണര്‍ മാസ്‌ക് മാന്‍ഡേറ്റ് പൂര്‍ണമായും മാറ്റിയിരുന്നുവെങ്കിലും ഡാലസ് കൗണ്ടി അധികൃതര്‍ കോവിഡിന്റെ ആരംഭഘട്ടത്തില്‍ സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ വേണമെന്നാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത് കഴിഞ്ഞ ഏഴു ദിവസം ഡാലസ് കൗണ്ടിയില്‍ ശരാശരി 684 രോഗികളാണ് ഉണ്ടായതെങ്കില്‍ ഓഗസ്റ്റ് 3 ന് ഫെബ്രുവരി 17 ന് ശേഷം ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  വാക്‌സിനേഷന്‍ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഡാലസ് കൗണ്ടി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍