ഡാലസ്: ഡാലസ് കൗണ്ടിയില്‍ മാര്‍ച്ച് 1 ന് മാത്രം കോവിഡ്19 മൂലം മരിച്ചവരുടെ എണ്ണം 42. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 751 ആണെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു.

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കഴിയേണ്ട അവസ്ഥ ഇതുവരെ ആയിട്ടില്ലെന്നും പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നത്. കോവിഡ്19 മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന് മതിയായ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഡാലസ് ഐ എസ് ഡിയിലെ ഒരധ്യാപിക ഉള്‍പ്പെടെ 42 പേര്‍ മരിച്ചതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 3000 ത്തോടടുക്കുകയാണ് (2993). കോവിഡ് മഹാമാരി ഡാലസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കണ്ടെത്തിയത് മുതല്‍ ഇതുവരെ 245946 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞവാരം ഡാലസ് കൗണ്ടിയില്‍ മരണനിരക്ക് കുറഞ്ഞിരുന്നുവെങ്കിലും ഈ ആഴ്ചയുടെ ആരംഭത്തില്‍ തന്നെ ഇത്രയും മരണം സംഭവിച്ചത് കോവിഡ് ഇപ്പോഴും മാരകമായി തുടരുന്നുവെന്നതിന് തെളിവാണ്. കോവിഡ് മാനദണ്ഡങ്ങളില്‍ തത്കാലം ഒരിളവും നല്‍കുന്നതിനുള്ള സാഹചര്യമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍