ഡാലസ്: ഡാലസ് കൗണ്ടിയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്ന ഡിസംബര്‍ 30 ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2292 ആയി ഉയര്‍ന്നതായി ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
  
ബുധനാഴ്ച വരെ ഡാലസ് കൗണ്ടിയില്‍ മാത്രം 1611 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ 170747. ഇതുകൂടാതെ 20797 പേര്‍ക്കുകൂടി രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. 
  
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതുപോലെ അത്രയും വര്‍ധിച്ചിട്ടില്ല എന്നതു മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അല്പമെങ്കിലും ആശ്വാസത്തിന് വക നല്‍കുന്നത്.

താങ്ക്സ് ഗിവിങ്ങ്, ക്രിസ്മസ് സീസണിന്റെ പരിണിത ഫലമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിന് കാരണം.

ന്യൂഇയര്‍ ഒഴിവു ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.