ഡാലസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ ഡാലസിലെ സാക്‌സി സിറ്റിയില്‍ ക്രോസ്സ് വേ മാര്‍ത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് ഈസ്റ്റര്‍ ദിനത്തില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി റവ.സോനു വര്‍ഗീസ്, റവ.ഡോ.എബ്രഹാം മാത്യു, റവ.പി. തോമസ് മാത്യു, റവ.മാത്യൂ മാത്യുസ്, റവ.ബ്ലെസന്‍ കെ.മോന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 

ക്രോസ്സ് വേ ഇടവക അതിന്റെ അച്ചടക്ക പൂര്‍ണമായ പ്രവര്‍ത്തനം കൊണ്ടും, സഭാ ദൗത്യത്തിലൂന്നിയ ശുശ്രൂഷ കൊണ്ടും പുതുതലമുറക്കാരുടെ പള്ളികള്‍ക്കു മാതൃകയാണെന്നും, ഒരു പളളിയുടെ പ്രതിഷ്ഠ എന്നത് കേവലം കെട്ടിടത്തിന്റെ കൂദാശ അല്ല മറിച്ചു വിശ്വാസ സമൂഹത്തിന്റെ പുനഃപ്രതിഷ്ഠ കൂടിയാണെന്നും ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് ഓര്‍മിപ്പിച്ചു. 

ന്യൂയോര്‍ക്ക് സ്വദേശിയായ റവ.സോനു വര്‍ഗീസ് ഇടവകയുടെ പ്രഥമ വികാരിയായും, ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റായും, സാജന്‍ തോമസ് സെക്രട്ടറിയായും, നിവിന്‍ മാത്യു, സിറില്‍ സഖറിയ എന്നിവര്‍ ഇടവക ട്രസ്റ്റിന്മാരായും, ജോജി കോശി ഭദ്രാസന അസംബ്ലി അംഗമായും പ്രവര്‍ത്തിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം