ന്യൂയോര്‍ക്ക്: കോവിഡ്19 നെ പ്രതിരോധിക്കുന്നതിന് ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൂള ഏപ്രില്‍ 15 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനുശേഷം എല്ലാവര്‍ഷവും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.

ഫൈസര്‍ വാക്‌സിന്റെ പ്രതിരോധ ശക്തി എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പി്ച്ചത്.

വാക്‌സിന്‍ സ്വീകരിച്ചശേഷം അടുത്ത ആറുമാസം ഹൈലെവല്‍ സുരക്ഷിതത്വമാണ് ഫൈസര്‍ വാക്‌സിന്‍ ഉറപ്പുനല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ സി.ഇ.ഒ. അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രം മതി. എന്നാല്‍ ഫ്‌ളൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ്, ഇന്‍ഫ്‌ളുവന്‍സ വൈറസിന് സമമാണെന്നും പോളിയോ വൈറസ് പോലെയല്ലെന്നും സി.ഇ.ഒ.പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍