വാഷിങ്ടണ്‍ ഡിസി: യു.എസ്.കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ പ്രമീള ജയ്പാലിന് കോവിഡ്19 സ്ഥിരീകരിച്ചു. ജനുവരി 6 ന് റിപ്പബ്ലിക്കന്‍ അനുകൂലികള്‍ കാപ്പിറ്റോള്‍ ബില്‍ഡിംഗിലേക്ക് തള്ളി കയറിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റു റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ഒരു മുറിയിലിട്ട് അടച്ചിരുന്നു. എന്നാല്‍ മുറിയില്‍ കയറിയ പലറിപ്പബ്ലിക്കന്‍ അംഗങ്ങളും മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചു. അവിടെയുണ്ടായിരുന്ന സ്റ്റാഫംഗങ്ങള്‍ മാസ്‌ക് നല്‍കിയെങ്കിലും അവര്‍ ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്നതാണ് കോവിഡ് തന്നിലേക്ക് പകരാന്‍ കാരണമെന്ന് ജയ്പാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
മാസ്‌ക് ധരിക്കാതെ മുറിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മറ്റുള്ളവരുടെ ജീവന് ഭീഷണിയുയര്‍ത്തി മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നവര്‍ സ്വാര്‍ത്ഥരും, വിഡ്ഢികളുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരില്‍ നിന്നും ഫൈന്‍ ഈടാക്കുകയും കെട്ടിടത്തില്‍ നിന്നും ആയുധധാരികളായ ഉദ്യോഗസ്ഥരെ കൊണ്ട് പുറത്താക്കുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ജനുവരി 6 ന് നിര്‍ബന്ധപൂര്‍വം സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപകാരികളെ ഭയന്ന് മുറിയില്‍ അടച്ച മൂന്നാമത് യുഎസ് കോണ്‍ഗ്രസ് (ഡെമോക്രാറ്റിക്) അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍