ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ നഴ്‌സ് അസോസിയേഷനുകളുടെ മാതൃസംഘടനയായ നൈനയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും മൂന്നാമത്തെ ക്ലിനിക്കല്‍ എക്‌സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സും ഒക്ടോബര്‍ 29, 30 തീയതികളില്‍ ന്യൂയോര്‍ക്ക് ലഗ്വാര്‍ഡിയ മാറിയറ്റ് ഹോട്ടലില്‍ വെച്ച് നടത്തപ്പെടും. കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നും മുന്നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ.ലിഡിയ അല്‍ബുഖുര്‍കി അറിയിച്ചു.

സെമിനാറുകളില്‍ നോര്‍ത്ത് വെല്‍ ഹെല്‍ത്ത് നഴ്‌സിംഗ് റീസര്‍ച്ച് വൈസ് പ്രസിഡന്റായ ഡോ.ലില്ലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. നഴ്‌സിംഗ് മെഡിക്കല്‍ രംഗത്തെ പ്രഗത്ഭരായ ഇരുപത്തഞ്ചോളം വിദഗ്ദ്ധര്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും. നൈന വൈസ് പ്രസിഡന്റ് ഡോ.ബോബി വര്‍ഗീസ്, നൈന അഡ്വാന്‍സ്ഡ് പ്രാക്ടീസ് മേധാവിയും, ന്യൂയോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് അധ്യക്ഷയുമായ ഡോ.അന്നാ ജോര്‍ജ് എന്നിവരാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകര്‍.

ഒക്ടോബര്‍ 29 സന്ധ്യക്ക് ലഗ് വാര്‍ഡിയ മാരിയേറ്റില്‍ വെച്ച് നടക്കുന്ന ഗാലനെറ്റില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിന്നും അനേകം വിശിഷ്ടതിഥികള്‍ പങ്കെടുക്കും. തദവസരത്തില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയേര്‍സ് എ.കെ.വിജയകൃഷ്ണന്‍ നൈനയുടെ പതിനഞ്ചാം വാര്‍ഷിക സുവനീര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് നൈന-ഡെയ്‌സി അവാര്‍ഡ് ദാന ചടങ്ങില്‍ ഡെയ്‌സി പ്രസിഡന്റ് ബോണി ബാണ്‍സ് മുഖ്യതിഥിയായി പങ്കെടുക്കും. ന്യൂയോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാപരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നന്നുവരികയാണെന്ന് മുഖ്യസംഘടകരായ ഡോ.അന്നാ ജോര്‍ജ്, ഡോ.സോളിമോള്‍ കുരുവിള, ജെസ്സി ജെയിംസ്, ലൈസി അലക്‌സ്, ഡോളമ്മ പണിക്കര്‍, ഏലിയാമ്മ മാത്യു എന്നിവര്‍ അറിയിച്ചു.

തുടര്‍ന്ന് നടത്തപ്പെടുന്ന എഡ്യൂക്കേഷണല്‍ സെമിനാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നൈന എഡ്യൂക്കേഷന്‍ ചെയര്‍ സാന്ദ്ര ഇമ്മാനുവേല്‍ അറിയിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നരുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ മുന്‍നിര്‍ത്തി അതിന്യൂനത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യൂണിവേഴ്‌സിറ്റികളുമായി നേരിട്ടു ഉപദേശം ലഭിക്കുവാനുള്ള അവസരമുണ്ടെന്ന് നൈന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേല്‍, സെക്രട്ടറി സുജ തോമസ്, ട്രഷറര്‍ താര ഷാജന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.