ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രപൊലീത്തയുമായ പരിശുദ്ധ  മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായുടെ വേര്‍പാടില്‍ ഷിക്കാഗോയിലുള്ള ഓര്‍ത്തഡോക്‌സ് സമൂഹം ശനിയാഴ്ച ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒത്തുകൂടി സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. മലങ്കരയുടെ ഭാഗ്യതേജസ്സായ പരിശുദ്ധ പിതാവിന്റെ വേര്‍പാടില്‍ അനുശോചിച്ചു ഷിക്കാഗോയിലെ ഓര്‍ത്തഡോക്‌സ് ഇടവകളിലെ വികാരിമാരും, പ്രതിനിധികളും, സഭാവിശ്വാസികളും സംസാരിക്കുകയുണ്ടായി.

സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ചേര്‍ന്ന അനുശോചന യോഗത്തില്‍ സെന്റ് തോമസ് ഇടവക വികാരി ഫാ.ഹാം ജോസഫ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ പിതാവിന്റെ വേര്‍പാടില്‍ ഷിക്കാഗോ സമൂഹത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് റവ. ഡിക്കന്‍ ജോര്‍ജ് പൂവത്തൂര്‍ അനുശോചന പ്രമേയം സമര്‍പ്പിക്കുകയുണ്ടായി. സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ബെല്‍വുഡ് ന്റെയും, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെയും വികാരി റവ.ഫാ.എബി ചാക്കോ പരിശുദ്ധ പിതാവിന്റെ ഷിക്കാഗോ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൌണ്‍സില്‍ മെമ്പറായ എബ്രഹാം വര്‍ക്കി, ഭദ്രാസന മര്‍ത്ത മറിയം സമാജം ജനറല്‍ സെക്രട്ടറി രൂപ ജോണ്‍, ഭദ്രാസന അസംബ്ലി മെമ്പര്‍ ജോര്‍ജ് പണിക്കര്‍, സെന്റ് ഗ്രീഗോറിയോസ് കത്തീട്രല്‍ സെക്രട്ടറി ഷിബു മാത്യു, സെന്റ് മേരീസ് ഇടവക സെക്രട്ടറി സിബില്‍ ഫിലിപ്പ്, റീജിയണല്‍ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജോണ്‍ സൈമണ്‍, ഷിക്കാഗോ റീജിയന്‍ മര്‍ത്ത മറിയം സമാജം സെക്രട്ടറി മറിയാമ്മ തോമസ്, യുവജന സംഘടനകളെ പ്രധിനിധീകരിച്ചു റോഷന്‍ തോമസ് എന്നിവര്‍ പരിശുദ്ധ ബാവയെ അനുസ്മരിച്ചു സംസാരിച്ചു. എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ മിഡ് വെസ്റ്റ് റീജിയണല്‍ പ്രയര്‍ ഫെല്ലോഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഏലിയാമ്മ പുന്നൂസ് നന്ദി രേഖപ്പെടുത്തി. സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന കോര അനുസ്മരണ സമ്മേളനത്തിന്റെ എംസിയായി പ്രവര്‍ത്തിച്ചു.

ഷിക്കാഗോ ഓര്‍ത്തഡോക്‌സ് ഇടകവകളായ സെന്റ് ഗ്രീഗോറിയോസ് ബെല്‍വുഡ്, സെന്റ് ഗ്രീഗോറിയോസ് ഇല്‍മസ്റ്റ്, സെന്റ് മേരീസ് ഓക്‌ലോണ്‍, സെന്റ് തോമസ് ഷിക്കാഗോ എന്നി ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്രമീകരിച്ച അനുസ്മരണ സമ്മേളനത്തില്‍ ഇടവക വിശ്വാസികളും പങ്കു ചേര്‍ന്നു.