ഫിലഡെൽഫിയ: അസാധ്യമെന്ന്‌ കരുതിയ വികസനപദ്ധതികൾ കേരളത്തിൽ യാഥാർഥ്യമായി വരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യമായ എതിർപ്പുകളും തടസ്സങ്ങളും ഒഴിവാക്കി വികസനപ്രവർത്തനങ്ങൾ മുമ്പോട്ടുപോവുകയാണ്‌. കേരളം ഇപ്പോൾ പഴയ കേരളമല്ല. പലർക്കും സങ്കൽപ്പിക്കാൻ കഴിയാത്തവിധം കേരളം മാറുകയാണ്‌.

അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദേശീയ കൺെവൻഷന്റെ സമാപനസമ്മേളനം ഫിലഡെൽഫിയയിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു.

സമഗ്രവികസനം ഉണ്ടാക്കുക എന്നതാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. കേരളത്തിൽ ഒരിക്കലും പ്രായോഗികമാവില്ലെന്നു കരുതിയ പല കാര്യങ്ങളും നടപ്പിലായി വരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചതാണ്‌ ദേശീയ പാത 45 മീറ്ററിൽ വികസിപ്പിക്കണമെന്നത്‌. അതിപ്പോൾ നടപ്പിലാക്കുകയാണ്‌. ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ പ്രകൃതിവാതക പൈപ്പ്‌ ലൈൻ ഏതാനും മാസംകൊണ്ട്‌ യാഥാർഥ്യമാകും.

തിരുവനന്തപുരം മുതൽ കാസർകോട്ട്‌ വരെയുള്ള ഇരട്ട റെയിൽപാതയ്ക്കു സമാന്തരമായി രണ്ടു പാതകൾകൂടി നിർമിക്കുന്നതിനുള്ള ചർച്ച തുടങ്ങി -മുഖ്യമന്ത്രി പറഞ്ഞു.

കോവളം മുതൽ ബേക്കൽ വരെ ദേശീയ ജലപാത ആരംഭിക്കുന്നതിന്‌ സിയാലുമായി ചേർന്നു ഒരു പ്രത്യേക കമ്പനി രൂപവത്‌കരിച്ചു. അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക്‌ നാട്ടിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുകയാണ്‌. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ സെപ്‌റ്റംബറിൽ പ്രവർത്തനം ആരംഭിക്കും. അഞ്ചാമത്തെ വിമാനത്താവളം ശബരിമല കേന്ദ്രീകരിച്ച്‌ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഇതിനുള്ള ചർച്ചകൾ നടന്നുവരികയാണന്നും മുഖ്യമന്ത്രി പറഞ്ഞു.