സ്‌ക്കോക്കി (ഇല്ലിനോയ്): യൂബര്‍ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എലിസ വാസ്നിയെ (19) 27 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി അധികൃതര്‍ അറിയിച്ചു. കൊലപാതകം നടത്തുമ്പോള്‍ പ്രതിക്ക് 16 വയസ്സായിരുന്നു പ്രായം.

കുക്ക് കൗണ്ടി ജഡ്ജി തിമോത്തി ചേമ്പേഴ്സാണ് ഓഗസ്റ്റ് 24-ന് ശിക്ഷ വിധിച്ചത്. 2017 മെയ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 3.30-നാണ് ഷിക്കാഗോ സ്‌ക്കോക്കിയിലുള്ള വാള്‍മാര്‍ട്ടിനു സമീപത്തുനിന്നാണ് എലിസ യൂബറില്‍ കയറിയത്. പിന്‍സീറ്റിലിരുന്നിരുന്ന ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് സ്റ്റോറില്‍നിന്ന് മോഷ്ടിച്ച കത്തി കൊണ്ട് തുടരെ യൂബര്‍ ഡ്രൈവരുടെ പുറകില്‍ കുത്തിയത്

കുത്തേറ്റ മുപ്പത്തിയേഴ് വയസ്സുള്ള യൂബര്‍ ഡ്രൈവര്‍ കാറില്‍നിന്നും ഇറങ്ങി ഓടി സമീപത്തുള്ള വീടിനു സമീപമെത്തി സഹായം അഭ്യര്‍ത്ഥിച്ചു. രക്തംവാര്‍ന്ന ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം യൂബര്‍ കാറുമായി രക്ഷപ്പെട്ട എലിസയുടെ വാഹനം അപകടത്തില്‍ പെട്ടു. പോലീസ് എത്തി എലിസയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല. പിന്നീട് ടേയ്സര്‍ പ്രയോഗം നടത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. പതിനാറു വയസ്സായിരുന്നു പ്രായമെങ്കിലും അഡള്‍ട്ട് ആയിട്ടാണ് ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതെന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. ലിങ്കന്‍ വുഡില്‍ 2006-നുശേഷം ആദ്യമായാണ് ഇങ്ങനെയൊരു കൊലപാതകം നടക്കുന്നതെന്നും പോലീസ് പറഞ്ഞു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍