ഷിക്കാഗോ: ഇന്‍ഫിനിറ്റി നഴ്‌സിംഗ് ഹോം ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിവന്നിരുന്ന പണിമുടക്ക് മാനേജ്‌മെന്റുമായി ധാരണയായതിനെതുടര്‍ന്ന് പിന്‍വലിച്ചു. വെള്ളിയാഴ്ച ഉണ്ടായ കരാറനുസരിച്ച് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.
ഷിക്കാഗോയില്‍ ഇന്‍ഫിനിറ്റിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് ലോങ്‌ടേം ഫെസിലിറ്റികളിലുള്ള എഴുന്നൂറോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തിരുന്നത്.
ജൂണ്‍ മാസം അവസാനിച്ച കരാര്‍ പുതുക്കുമ്പോള്‍ ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു.
ഇതുവരെ ലഭിച്ചിരുന്ന വേതനത്തില്‍ ഒരു ഡോളര്‍ വര്‍ദ്ധനവ്, പാന്‍ഡമിക് പെ 2 ഡോളറില്‍ നിന്നും 2.5, കോവിഡുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് 5 ദിവസത്തെ സിക്ക് ലീവ്, ജോലിക്കാര്‍ക്ക് ആവശ്യമായ പിപിഇ വിതരണം എന്നിവയാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പതിനഞ്ചു വര്‍ഷമായി ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു. മറ്റു നഴ്‌സിംഗ് ഹോമിലായിരുന്നെങ്കില്‍ ഇതിലും വളരെ മെച്ചപ്പെട്ട സേവനവേതന ആനുകൂല്യം ലഭിക്കുമായിരുന്നു. പുതിയ ഒത്തുതീര്‍പ്പില്‍ സംതൃപ്തി പ്രകടിപ്പിച്ച് സിഎന്‍എ റോസാലിന്റ് പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളും മാനേജ്‌മെന്റും ഒരുപോലെ സംതൃപ്തരാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍