ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വിവിധ മിനിസ്ട്രികള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികര്‍ക്കും രൂപതയിലെ സെമിനാരിക്കാര്‍ക്കും അതിഥികളായെത്തുന്ന മെത്രാന്മാര്‍ക്കും വൈദികര്‍ക്കും താമസിക്കുന്നതിനുദ്ദേശിച്ച് നിലവിലുള്ള ബിഷപ്സ് ഹൗസിനോടു ചേര്‍ന്ന് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 'അനക്സ് ബില്‍ഡിംഗിന്റെ' ഗ്രൗണ്ട് ബ്രേക്കിംഗ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടും ചേര്‍ന്നും നിര്‍വഹിച്ചു.

പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് മാര്‍ അങ്ങാടിയത്ത് കാര്‍മ്മികത്വം വഹിച്ചു. ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനമായ ഒക്ടോബര്‍ 26 ന് കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 8:30 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനാ ശുശ്രൂഷയിലും ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയിലും വികാരി ജനറല്‍ ഫാ.തോമസ് മുളവനാല്‍ ചാന്‍സലര്‍ ഫാ.ജോണിക്കുട്ടി പുലീശ്ശേരി, പ്രൊക്യൂറേറ്റര്‍ ഫാ.ജോര്‍ജ് മാളിയേക്കല്‍ കമ്മിറ്റി അംഗങ്ങള്‍ വൈദികര്‍ കന്യാസ്ത്രീകള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഈ പ്രോജക്ടിന്റെ വിജയത്തിനായി വിവിധ ഇടവകകളിലെ വൈദികരുടെയും ഇടവകാംഗങ്ങളുടെയും സഹായസഹകരണങ്ങള്‍ പിതാക്കന്മാര്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം