ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന, വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരായ കുട്ടികള്‍ക്കുള്ള റിയാലിറ്റി ഷോയിലെ നൃത്തമല്‍സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശി അദ്വൈത് സുജയ് (9)ട്രിപ്പിള്‍ ബഹുമതി നേടി. 16 വയസിനു  താഴെയുള്ളവര്‍ക്കായി നടന്ന ഫൈനല്‍ നൃത്തമത്സരത്തിലാണ് അദ്വൈത്  അമേരിക്കന്‍ രാജ്യാന്തര ബഹുമതിയും ഗ്രാന്‍ഡ് ഫിനാലെയില്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ ഐക്കണായും ഒരേ സമയം തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നുമാസം മുമ്പ് അമേരിക്കയിലെ കാലിഫോര്‍ണിയ ഐക്കണായതും ഈ മിടുക്കനായിരുന്നു. ഒരേസമയം ഇത്തരം മത്സരത്തില്‍ ട്രിപ്പിള്‍ വിജയം നേടുന്ന  ആദ്യ മലയാളി കൂടിയാണ് അദ്വൈത്. ഷിക്കാഗോയിലെ എല്‍ ഹാംസ്റ്റലിലെ വാട്ടര്‍ ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ നാലു ദിവസങ്ങളിലായാണ് മത്സരം നടന്നത്.  

1

ഇന്ത്യക്ക് പുറമെ അമേരിക്ക,ഓസ്‌ട്രേലിയ,യു.കെ,കാനഡ, ബ്രിട്ടന്‍, കരീബിയന്‍ ഐലന്‍ഡ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളാണ് മത്സരാര്‍ഥികള്‍. കുട്ടികളുടെ കഴിവുകള്‍ അന്തര്‍ദേശീയ തലത്തില്‍ പ്രദര്‍ശിപ്പിക്കുകയും സിനിമ- ടി.വി. പരിപാടികളില്‍ അവസരം നല്‍കുകയുമാണ് മത്സരത്തിന്റെ  ലക്ഷ്യം.

നൃത്തം, പാട്ട്, അഭിനയം, ഉപകരണസംഗീതം, തുടങ്ങി വേറിട്ട് നില്‍ക്കുന്ന കഴിവുകളിലായിരുന്നു മത്സരം നടന്നത്. ബോളിവുഡ് സംവിധായകരും ഹിന്ദി സിനിമാ സംവിധായകന്‍ ജതിന്‍ ലളിത്, ഇരട്ടസഹോദരിമാരായ പൂനം-പ്രിയങ്ക, മധുരാ സനെ, ഡോ. ദിശാ ശ്രീവാസ്തവ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. മുംബൈയിലെ ശരണ്‍ വാലിയ ആണ് പരിപാടിയുടെ പ്രധാന സംഘാടകന്‍.

വാര്‍ത്ത അയച്ചത്‌: പി.പി.മോഹനന്‍