CAPAC Names Indian American Consultant Nisha Ramachandran as Executive Directorവാഷിങ്ടണ്‍ ഡിസി: കോണ്‍ഗ്രിഷണല്‍ ഏഷ്യന്‍ പെസഫിക് അമേരിക്കന്‍ കോക്കസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ നിഷ രാമചന്ദ്രനെ നിയമിച്ചു.

ജൂലായ് 21 നാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ജൂലായ് 22 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഈ പോസ്റ്റിലേക്ക് നിയമിക്കപ്പെടുന്ന ആദ്യവനിതാ സൗത്ത് ഏഷ്യന്‍ അമേരിക്കനാണ് നിഷ.

1994 മെയ് 16 ന് മുന്‍ യു.എസ്.കോണ്‍ഗ്രസ്മാന്‍ നോര്‍മന്‍ മിനിറ്റ സ്ഥാപിച്ചതാണ് യു.എസ്.കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ കോക്കസ്. പാര്‍ട്ടിക്കതീതമായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും ഇതിലെ അംഗങ്ങള്‍ എല്ലാവരും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ടവരാണ്. മുന്‍കാലങ്ങളില്‍ ചുരുക്കം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഈസ്റ്റ് ഏഷ്യന്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍, കോണ്‍ഗ്രസ് അംഗങ്ങളാണ് ഈ കോക്കസിലുള്ളത്. ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം അവരുടെ സംഭാവനകള്‍ തുടങ്ങിയവയെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അനാവശ്യമായ നിയമനിര്‍മാണം നടത്തുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ പെസഫിക്ക് അമേരിക്കന്‍സിലുള്ള മൂന്ന് വര്‍ഷ പ്രവര്‍ത്തനപരിചയവും നിരവധി ഏഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകളുമായുള്ള അടുത്ത ബന്ധവും ഇവരെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിന് കാരണമായി. ദേശീസ് ഓഫ് പ്രോഗ്രസ് കോഫൗണ്ടര്‍ ഡയറക്ടര്‍ കൂടിയാണിവര്‍. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. നിഷയുടെ നിയമനത്തെ ഏഷ്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍