കാലിഫോര്‍ണിയ: രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസത്തിന്റെ കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചുവിളിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം തള്ളി വോട്ടര്‍മാര്‍.

സെപ്റ്റംബര്‍ 14 ന് റിക്കോള്‍ വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിജയാഘോഷം ട്രംപിസത്തിനെതിരെ ആഞ്ഞടിച്ച ഗവര്‍ണറായിരുന്നു ന്യൂസം. കൊറോണ വൈറസിനെ നേരിടുന്നതിന് ട്രംപിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. പാന്‍ഡമിക്കിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിട്ട സംസ്ഥാനമായിരുന്നു കാലിഫോര്‍ണിയ.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ കൂട്ടം കൂട്ടമായി പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഡെമോക്രാറ്റിക് ക്യാമ്പുകളില്‍ ആശങ്കപടര്‍ന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പോളിംഗ് ബൂത്തില്‍ എത്തിയതോടെ പോളിംഗിന്റെ ഗതിമാറി.

മിക്കവാറും ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞതോടെ റിക്കോള്‍ ആവശ്യമില്ല എന്ന വോട്ടര്‍മാരുടെ മാര്‍ജിന്‍ 30 പോയിന്റ് ഉയര്‍ന്നിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ കഴിഞ്ഞവര്‍ഷം നാല് യു.എസ്.ഹൗസ് തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷയും വര്‍ധിച്ചിരുന്നു.

അടുത്തവര്‍ഷം സംസ്ഥാനഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രചരണം സംഘടിപ്പിച്ചിരിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍