ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തില്‍ ബ്രാംപ്ടണ്‍ മലയാളി സമാജം നടത്തുന്ന പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം പ്രമുഖ വ്യവസായി പത്മശ്രീ എം.എ.യൂസഫലി നിര്‍വഹിച്ചു. ഫ്‌ളാഗ് ഓഫ് കര്‍മ്മത്തിന്റെ ഉദ്ഘാടനം കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സമാജം പ്രസിഡന്റും ലോക കേരള സഭ അംഗവുമായ കുര്യന്‍ പ്രക്കാനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ പാട്രിക് ബ്രൗണ്‍, ടൊറാന്‍ഡോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ,എ എം ആരിഫ് എംപി, റൂബി സഹോട എം.പി, മന്ത്രി പരം ഗ്രില്‍, പ്രബ്മീറ്റ് സിംഗ് സര്‍ക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമല്‍ ഖേറാ എംപി, അമര്‍ജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലന്‍, സിനിമ സീരിയല്‍ നടി ശ്രീധന്യ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു.

ദുബായ് ആസ്ഥാനമായുള്ള അദേഹത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ കനേഡിയന്‍ നെഹ്രു ട്രോഫിയുടെ പതാക ഉയര്‍ത്തി വീശിയാണ് പത്മശ്രീ ഡോ.എം.എ.യൂസഫലി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. 

വിദൂരതയില്‍ ഇരുന്നും എങ്ങനെ പ്രൗഢഗംഭീരമുള്ള ഒരു വള്ളംകളി നടത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന സമാജം ഭാരവാഹികളെ ഡോ എം. എ യൂസഫലി അനുമോദിച്ചു. ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കരുതിയിരുന്ന അദ്ദേഹം കോവിഡ് സാഹചര്യങ്ങളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിച്ചു തന്റെ കാനഡ സന്ദര്‍ശനം മാറ്റിവെച്ചതായി യോഗത്തില്‍ പ്രഖാപിച്ചു. അടുത്ത വര്‍ഷത്തെ വള്ളംകളി ഓഗസ്റ്റ് 30 ന് നടത്തുമെന്ന് മേയര്‍ പാട്രിക്ക് ബ്രൗണ്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.

വിജയകരമായി ഇത്രയും മികച്ച നിലയില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വള്ളം കളി മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു.

ആലപ്പുഴയുടെ ആവേശം ഉള്‍കൊണ്ടു കാനഡയില്‍ നടക്കുന്ന കനേഡിയന്‍ നെഹ്രു ട്രോഫിക്കു എല്ലാ ആശംസകളും നേരുന്നതായി ആലപ്പുഴ എംപി, എഎം അരീഫ് പറഞ്ഞു. കോവിഡ് മഹാമാരിയില്‍ കേരളത്തില്‍ മുടങ്ങിയ വള്ളംകളി കാനഡയില്‍ നടക്കുന്നത് എല്ലാ വള്ളംകളി പ്രേമികളും ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഈ വരുന്ന ഓഗസ്റ്റ് 21 നാണ് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ബ്രാംപ്ടണിലെ പ്രോഫ്ഫസ്സേഴ്‌സ് ലേക്കില്‍ നടക്കുന്നത്. സമാജം ജനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സമാജം സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ നന്ദിയും പറഞ്ഞു. ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഫിലിപ്പോസ് പിലിപ്പ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഇന്‍ കാനഡ വൈസ് പ്രസിഡന്റ് അജു ഫിലിപ്പ്, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.