വാഷിംങ്ടണ്‍ ഡി.സി.: ഇരുപതാം നൂറ്റാണ്ടില്‍ ജനഹൃദയങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ, അമേരിക്കന്‍ പാസ്റ്ററും സുപ്രസിദ്ധ സുവിശേഷകനുമായിരുന്ന അന്തരിച്ച ബില്ലി ഗ്രഹാമിനോടുള്ള ആദരസൂചകമായി 'നാഷണണ്‍ ഹോളിഡേ' പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം ആരംഭിച്ചു.

ഫെബ്രുവരി 21 ന് അന്തരിച്ച ബില്ലിഗ്രഹാമിനെ യു.എസ്. തലസ്ഥാനത്ത്  പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി സമുന്നതരായ നേതാക്കള്‍ ആദരിക്കുകയും, നോര്‍ത്ത് കരോലിനയില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റ് ട്രംപിനെ അഭിസംബോധന ചെയ്ത് ദേശീയ അവധി വേണമെന്നാവശ്യപ്പെട്ടു ചെയ്ഞ്ച് ഓര്‍ഗിലാണ് ആയിരക്കണക്കിനാളുകളില്‍ നിന്നും ഒപ്പുശേഖരിക്കുന്നത്.

ലോകത്തിലെ പ്രസിദ്ധരായ സുവിശേഷകരുമായി ബില്ലിഗ്രഹാമിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങളോടു സുവിശേഷം അറിയിച്ച വ്യക്തി ബില്ലിഗ്രഹാമാണ്. അമേരിക്കന്‍ പ്രസിഡന്റുമാരെ കൗണ്‍സില്‍ ചെയ്ത വ്യക്തിയെന്ന പദവിയും ബില്ലിഗ്രഹാമിനു തന്നെയാണ്.

ജാതിയോ മതമോ നോക്കാതെ ഈ ആവശ്യത്തിനു എല്ലാവരുടെയും സഹകരണം വേണമെന്ന് ഇതിന് നേതൃത്വം നല്‍കുന്ന കെയ്ല്‍ സില്ലര്‍ അഭ്യര്‍ത്ഥിച്ചു. ഇതുവരെ 61,000 പേര്‍ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു.

വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍