Biju Mathewകൊപ്പല്‍ (ഡാലസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.മെയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 2911 വോട്ടുകള്‍ ബിജുവിന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി മാര്‍ക്ക് സ്മിറ്‌സിനു 2453 വോട്ടുകളാണ് നേടാനായത്.

ആദ്യമായി കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് 2018 ജൂണില്‍ നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാര്‍ഥി ജോണ്‍ ജൂണിനെ പരാജയപ്പെടുത്തിയാണ് ബിജു തിരഞ്ഞെടുക്കപ്പെട്ടത്. കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ 14 വര്‍ഷമായി ബിജു സജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു.

മാസച്യൂസെറ്റ്സിലെ ബോസ്റ്റണില്‍ നിന്നും ഡാലസിലേക്ക് തട്ടകം മാറ്റിയ ബിജു മാത്യു കഴിഞ്ഞ പതിനാല് വര്‍ഷമായി കൊപ്പേല്‍ നിവാസിയാണ്. ഇവിടെത്തിയ കാലം മുതല്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കൊപ്പേല്‍ റിക്രിയേഷന്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടു വര്‍ഷവും പാര്‍ക്സ് ആന്‍ഡി റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിച്ചു. കൊപ്പേല്‍ സിറ്റിസണ്‍സ് പൊലീസ് അക്കാദമി ബിരുദധാരിയായ ബിജു അക്കാദമിയുടെ ആലുംനൈ ഗ്രൂപ്പായ സിപിഎസി അംഗമാണ്. കോപ്പേല്‍ പൊലിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ സിഒപിയില്‍ (സിറ്റിസണ്‍സ് ഓണ്‍ പട്രോള്‍) അംഗത്വം വഴി ജനജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുളള അറിവു നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇതിനു പുറമെ സാമൂഹ്യരംഗത്തും ബിജു മാത്യു സജീവമാണ്. കൊപ്പേല്‍ റോട്ടറി ക്ലബ്ബിലും കോട്ടണ്‍വുഡ് ക്രീക്ക് പിടിഒയിലും പ്രവര്‍ത്തിക്കുന്നു. സിറ്റിയിലെ ഡാഡ്സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്‌കൂള്‍ വെനസ്ഡേ എന്ന സംഘടനയിലും സജീവമാണ്. ബോസ്റ്റണിലെ സഫോക് യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുമുണ്ട്. ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു. ബിജുവിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍