ടെക്‌സാസ്: ടെക്‌സാസ് മെക്‌സിക്കോ അതിര്‍ത്തിയായ ഡെല്‍റിയോയിലുള്ള പ്രവേശനത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ച നൂറുകണക്കിന് ഹെയ്ത്തി അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ നിന്നും തുരത്താന്‍ കുതിരകളെ ഉപയോഗിച്ച ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ നടപടി ഭയാനകവും തെറ്റുമായിരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. സെപ്റ്റംബര്‍ 24 ന് വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഇതിന് ഉത്തരവാദിയായവര്‍ ആരായാലും അനന്തരനടപടികള്‍ നേരിടേണ്ടിവരുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

ഡെല്‍ റിയൊ ഇന്റര്‍നാഷണല്‍ ബ്രിഡ്ജിന് കീഴെ ഉണ്ടായ സംഭവം അമേരിക്കയൊട്ടാകെ ബൈഡന്‍ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഹെയ്ത്തിയില്‍ അഭയാര്‍ത്ഥികളെ വളഞ്ഞു പിടിച്ച് തിരികെ അയക്കുക എന്ന ബൈഡന്‍ പോളിസിയും വിമര്‍ശന വിധേയമായിരുന്നു.

ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും. എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞാന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ഞാനല്ലാതെ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്ന് പ്രസിഡന്റ് ബൈഡന്‍ മറു ചോദ്യം ഉന്നയിച്ചു. ഫെഡറല്‍ ഏജന്റുമാരുടെ അഭയാര്‍ത്ഥികളോടുള്ള സമീപനം ഹൃദയഭേദകമായിരുന്നുവെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.

ഇതിന് ഉത്തരവാദിയായവര്‍ ഇതിന് കനത്തവില നല്‍കേണ്ടിവരും. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവത്തിലൂടെ തെറ്റായ സന്ദേശം ലോകത്തിന് നല്‍കിയതും വേദനാജനകമാണ്. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി കുതിരകളെ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍