വാഷിങ്ടണ്‍: ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ കര്‍ശന നിര്‍ദേശം നല്‍കി. അതോടൊപ്പം ക്രമമായ കോവിഡ് ടെസ്റ്റിംഗും വേണമെന്നും ബൈഡന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പ്രഖ്യാപനം ജൂലായ് 29 നാണ് ബൈഡന്‍ പുറത്തുവിട്ടത്.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് ശമ്പളത്തോടുകൂടിയ ലീവും നൂറുഡോളറും നല്‍കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ കോണ്‍ട്രാക്ടേഴ്‌സിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് കൂടുതല്‍ വൈറസ് കാണുന്നതെന്നാണ് പാന്‍ഡമിക്ക് വ്യാപിക്കുന്നതിനെക്കുറിച്ച് ബൈഡന്‍ ആദ്യം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍, പാന്‍ഡമിക്ക് ഒരു അമേരിക്കന്‍ ട്രാജഡി എന്നാണ് ബൈഡന്‍ പറയുന്നത്.

സ്വാതന്ത്ര്യത്തോടുകൂടി നമ്മുടെ ചുമതലകള്‍ കൂടി നിര്‍വഹിക്കപ്പെടണമെന്നാണ് വാക്‌സിന്‍ സ്വീകരിക്കുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നവരോട് ബൈഡന്‍ പറയുന്നത്. 

അമേരിക്കയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മിക്കവാറും പിന്‍വലിച്ചതോടെ രോഗവ്യാപനം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. സിഡിസി ഉള്‍പ്പെടെയുള്ളവര്‍ മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വീണ്ടും വേണ്ടിവരുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍