വാഷിങ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികള്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.

അമേരിക്കയില്‍ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന അഭയാര്‍ത്ഥികള്‍ മെക്‌സിക്കോയില്‍ തന്നെ തുടരണമെന്നും യുഎസ് ഇമിഗ്രേഷന്റെ ഹിയറിംഗ് കഴിഞ്ഞതിനുശേഷം ഫെഡറല്‍ കോടതിയുടെ ഉത്തരവിനുശേഷം മാത്രമേ അമേരിക്കയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ഡിസംബര്‍ 2 വ്യാഴാഴ്ച യുഎസ് - മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു.

ആദ്യവര്‍ഷം തന്നെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പാക്കുന്നതിന് ബൈഡന്‍ ഭരണകൂടം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും അത് പൂര്‍ണമായി വിജിട്ടില്ല. 

മെക്‌സിക്കോ യുഎസ് അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റും ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങളുടെ പുനര്‍ചിന്തനത്തിന് വഴിയൊരുക്കി.

ബൈഡന്‍ അധികാരമേറ്റ ജനുവരിയില്‍ തന്നെ ട്രംപ് കൊണ്ടുവന്ന മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ പിന്‍വലിച്ചിരുന്നു. അഭയാര്‍ത്ഥിപ്രവാഹം ഇന്നത്തെ ഭരണത്തിന് വലിയ തലവേദനസൃഷ്ടിച്ചിരിക്കുന്നതിനാലാണ് പഴയ ട്രംപ് തീരുമാനങ്ങള്‍ ഓരോന്നായി പുനഃസ്ഥാപിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍