ചിക്കാഗോ: കുടുംബത്തിലെ എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാകുമ്പോള്‍ അതു മികച്ച കുടുംബമാകുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. എംപാഷ ഗ്ലോബല്‍ എന്ന സംഘടനയുടെ വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്യ. കുട്ടികളെ അറിയുന്ന ഒരു വ്യക്തിക്ക് ഒരു കുടുംബത്തിലെ എല്ലാ കാര്യവും അറിയാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
ബാലസംഘം പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടനവധി കുട്ടികളോട് ഇടപെടേണ്ടി വന്നിരുന്നു. കുട്ടികളുടെ അഭിപ്രായങ്ങള്‍ ഒട്ടനവധി കേള്‍ക്കാനും അവസരമുണ്ടായി. അവരുടെ അഭിപ്രായങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതില്‍നിന്ന് മനസ്സിലായത്, ഒരു കുട്ടി പത്താം ക്ലാസ് കഴിഞ്ഞ് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതില്‍ നിന്നും തുടങ്ങി, എന്തുടുക്കണം, എന്നു വരെ തീരുമാനിച്ച് അവരെ ഒരു റോബോട്ടുകളെ പോലെ ആക്കാറുണ്ട്. നമ്മുടെ കുടുബങ്ങളെ മാറ്റേണ്ടത് കുട്ടികളിലൂടെയാണ്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വിലയിരുത്തുകയും ചെയ്യന്നതിലൂടെയാണ് മാറ്റങ്ങള്‍ ഉണ്ടാകുന്നത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം, ഒപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യം ഉണ്ടാകുമ്പോള്‍ അതു മികച്ച കുടുംബമാകും- ആര്യ പറഞ്ഞു.
വളരെ തിരക്കിനിടയിലും വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചതിന് ആര്യ രാജേന്ദ്രന് എംപാഷ ഗ്ലോബല്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള മലയാളികള്‍ പങ്കെടുത്ത വെബിനാറില്‍ ഡോ. തുഷാരാ ജയിംസ്, ഡോ. അജിമോള്‍ പുത്തന്‍പുര തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
വാര്‍ത്ത അയച്ചത്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്